കോട്ടയം : ഏത് നിമിഷവും കുരച്ചു ചാടി വീഴാം, കൂട്ടമായിട്ടാണെങ്കിൽ പിന്നെ രക്ഷയില്ല. തെരുവ് നായശല്യത്തിൽ വശംകെട്ട് പ്രഭാതസവാരി ഉപേക്ഷിച്ച കോടിമത സ്വദേശി സുരേഷിന്റെ വാക്കുകളാണിത്. ഇത് സാക്ഷ്യപ്പെടുത്തുന്ന സംഭവങ്ങളാണ് ഇന്നലെ നഗരമദ്ധ്യത്തിൽ നടന്നത്. കെ.എസ്.ആർടി.സി സ്റ്റാൻഡ് മുതൽ കോടിമത മാർക്കറ്റ് വരെ ആക്രമണകാരിയായ നായയുടെ കടിയേറ്റത് 8 പേർക്കാണ്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും ഒന്നുംഫലം കാണുന്നില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർ തന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്. ഇന്നലെ രാവിലെ മുതൽ അരങ്ങേറിയ തെരുവ് നായ ആക്രമണത്തിൽ നഗരവും മാർക്കറ്റ് പരിസരവും ഭീതിയിലായി. മാർക്കറ്റ് റോഡിലേക്ക് പോകുന്നതിനും ആളുകൾ ഭയപ്പെട്ടു. പലരും മറ്റ് റോഡുകളെ ആശ്രയിച്ചു. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. നഗരസഭാ പരിധി കൂടാതെ, പള്ളം ബ്ലോക്കിലും വന്ധ്യംകരണം ചെയ്യുന്നുണ്ട്. മെഡിക്കൽ കോളേജ്, ആർപ്പൂക്കര പരിസരത്ത് നായ ശല്യം വർദ്ധിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ ബ്ലോക്കിലാണ് നിലവിൽ പ്രവർത്തനം.
വഴിനീളെ മാലിന്യം, ഭക്ഷണം സുലഭം
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് നായ്ക്കളുടെ നടുവിലാണ്.
കടിയേറ്റവരുടെ കണക്ക്:
2024 : 22893
2025 : 15260
ജില്ലയിലെ വന്ധ്യംകരണം ചെയ്ത നായ്ക്കൾ : 2304
ദിനംപ്രതി ജനറൽ ആശുപത്രിയിൽ കടിയേറ്റ് എത്തുന്നവർ : 60 -70
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |