തിരുവല്ല : നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾ ഉന്നത നിലവാരത്തിൽ നവീകരിക്കാൻ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. കുന്നന്താനം – കവിയൂർ, തിരുമാലിട ക്ഷേത്രം - കാവനാൽകടവ്, പാലത്തിങ്കൽ - ഈട്ടിക്കൽ പടി എന്നീ റോഡുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് 20.8 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. കവിയൂർ -കുന്നന്താനം -കല്ലൂപ്പാറ- മല്ലപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡുകൾക്കാണ് അനുമതി. തിരുവല്ല നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലായി റീബിൽഡ് കേരള പദ്ധതി പ്രകാരം 6 റോഡുകളുടെ പുനരുദ്ധാരണത്തിനായി 102.89 കോടി സംസ്ഥാന സർക്കാർ 2020ൽ അനുവദിച്ചിരുന്നു. റോഡുകളുടെ നിർമ്മാണം പൂർത്തീയായശേഷം ബാക്കിവന്ന തുക നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് എം.എൽ.എ നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റ്മേറ്റ് അടിസ്ഥാനമാക്കിയാണ് പ്രവൃത്തികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. പ്രത്യേക താൽപ്പര്യമെടുത്ത് നിർദ്ദേശങ്ങൾ നൽകി പ്രത്യേക അനുമതി ലഭ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനോടും സർക്കാരിനോടും എം.എൽ.എ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |