ന്യൂഡൽഹി: പണം ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ മണി ഗെയിമുകളെ നിരോധിക്കാനും ഇ-സ്പോർട്സ്, ഓൺലൈൻ സോഷ്യൽ ഗെയിമുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ബില്ലിന് രാഷ‌്‌ട്രപതിയുടെ അംഗീകാരം. കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ബിൽ നിയമമാകും. കഴിഞ്ഞ ദിവസം സമാപിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ പാസാക്കിയിരുന്നു. ഓൺലൈൻ മണി ഗെയിമിംഗ് ഗുരുതര സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുവെന്ന വിലയിരുത്തലിലാണ് ബിൽ കൊണ്ടുവന്നത്.
പാർലമെന്റ് ബിൽ പാസാക്കിയതോടെ വിൻസോ, നസാര ടെക്നോളജീസ് തുടങ്ങിയ ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനം നിറുത്തിവച്ചു. നിയമ ലംഘകർക്ക് മൂന്നുവർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വരെ ലഭിക്കും. കളിക്കാർ, സിനിമാ താരങ്ങൾ അടക്കം ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവർ വഴി ഓൺലൈൻ മണി ഗെയിമുകളുടെ പരസ്യങ്ങൾ നൽകുന്നതിനും വിലക്ക് വരും. ഓൺലൈൻ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആവർത്തിച്ചാൽ അഞ്ചു വർഷം വരെ തടവും രണ്ടു കോടി വരെ പിഴയും. പരസ്യം നൽകുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ. ആവർത്തിച്ചാൽ തടവ് മൂന്നു വർഷവും പിഴ ഒരു കോടി രൂപയുമായും കൂടും. പണമിടപാടുകൾക്ക് മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം. ഇ-സ്പോർട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമിംഗ് എന്നിവയുൾപ്പെടെ നല്ല ഉദ്യേശത്തോടെയുള്ള ഓൺലൈൻ ഗെയിമുകളുടെ മേൽനോട്ടത്തിന് അതോറിറ്റി നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |