ന്യൂഡൽഹി: മന്ത്രിമാർ ജയിലിൽ കിടന്ന് ഭരിക്കുന്നത് തടയാനുള്ള പുതിയ ബിൽ നിയമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിക്ക് നിയമത്തെ എതിർക്കാൻ അവകാശമില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജയിലിലായാലും രാജിവയ്ക്കാത്ത പ്രവണതയാണുള്ളുത്. തമിഴ്‌നാട്ടിലെയും ഡൽഹിയിലെയും മന്ത്രിമാരും മുഖ്യമന്ത്രിയും രാജിവച്ചില്ല. മുഖ്യമന്ത്രി ജയിലിൽ കിടന്ന് ഭരിക്കുന്ന നാണക്കേട് ഭരണഘടനാ നിർമ്മാതാക്കൾ സങ്കൽപ്പിച്ചിട്ടില്ല. ജയിലിൽ കിടന്ന് സർക്കാരുണ്ടാക്കും. ജയിൽ മുഖ്യമന്ത്രി ഭവനാക്കും. ഉദ്യോഗസ്ഥർ ജയിലിൽ വന്ന് ഉത്തരവുകൾ സ്വീകരിക്കും. അത് പാടില്ല.
പുതിയ ബിൽ അരക്ഷിതാവസ്ഥയുണ്ടാക്കാനല്ല. പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ മറ്റൊരാൾക്ക് സർക്കാർ നടത്താം. ജാമ്യം ലഭിക്കുമ്പോൾ,ജയിലിലായ വ്യക്തിക്ക് തുടരാം. ഇത് പാർലമെന്റിലോ നിയമസഭയിലോ ഭൂരിപക്ഷത്തെ ബാധിക്കില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതു ബാധകമാണ്. 30 ദിവസത്തിന് ശേഷം ഒരാൾ രാജിവയ്ക്കുന്ന ആൾക്ക് ജാമ്യം ലഭിക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിലെ 30 ദിവസ കാലാവധിയെ പ്രതിപക്ഷം എതിർക്കുന്നതിൽ കാര്യവുമില്ല. താൻ പ്രതിയായപ്പോൾ ഒഴികെ, സുപ്രീംകോടതിയിൽ അഞ്ച് ദിവസത്തിലേറെ ജാമ്യാപേക്ഷ നീണ്ടിട്ടില്ല. അദ്വാനി, മദൻലാൽ ഖുറാന, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങി നിരവധി പേർ രാജിവച്ചു. കുറ്റവിമുക്തി നേടിയ ശേഷമാണ് അവർ വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
ബിൽ പരിശോധിക്കാൻ രൂപീകരിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുമായി സഹകരിച്ചില്ലെങ്കിൽ പ്രതിപക്ഷത്തിന് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നഷ്‌ടമാകും. അടുത്ത നാലു വർഷം പ്രതിപക്ഷം സഹകരിക്കില്ലെന്ന് തീരുമാനിച്ചാലും രാജ്യം ഓടില്ലേ. തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ തോറ്റതിന്റെ നിരാശയാണ് കോൺഗ്രസിന്.
രാഹുലിന് ധാർമ്മികതയില്ല
കുറ്റക്കാരനെന്ന് കോടതി വിധിച്ച ആർ.ജെ.ഡി നേതാവ് ലാലു പ്രസാദിനെ രക്ഷിക്കാൻ മൻമോഹൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് കീറിയെറിഞ്ഞ ആളാണ് രാഹുൽ ഗാന്ധി. സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രി എടുത്ത തീരുമാനത്തെയും ധാർമ്മികതയുടെ അടിസ്ഥാനത്തിൽ പരിഹസിച്ചു. ഇന്ന്, ബീഹാറിൽ അതേ രാഹുൽ ലാലു പ്രസാദിനെ കെട്ടിപ്പിടിക്കുന്നുവെന്നും അമിത് ഷാ പരിഹസിച്ചു.
ധൻകർ വിവാദം തള്ളി
മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദവും അദ്ദേഹം വീട്ടു തടങ്കലിലാണെന്ന പ്രതിപക്ഷ ആരോപണവും അമിത്ഷാ തള്ളി. ധൻകർ ഭരണഘടന അനുസരിച്ച് കടമകൾ നിർവഹിച്ചു. ആരോഗ്യ കാരണത്താലാണ് അദ്ദേഹം രാജിവച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ആലോചന വേണ്ട. പ്രതിപക്ഷത്തിന്റെ ആഖ്യാനങ്ങളെ മാത്രം ആശ്രയിക്കരുത്.
എൻ.ഡി.എയുടെ ഉപരാഷ്‌ട്രപതി ആർ.എസ്.എസുകാരനായത് മോശം കാര്യമല്ല. അടൽബിഹാരി വാജ്‌പേയി, എൽ.കെ.അദ്വാനി, നരേന്ദ്രമോദി തുടങ്ങിയ നേതാക്കളെല്ലാം ആർ.എസ്.എസ് ബന്ധമുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |