സെൻസെക്സ് 706 പോയിന്റ് ഇടിഞ്ഞു
കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിയുടെ ആശങ്കയിൽ രാജ്യത്തെ ഓഹരി വിപണി ഇന്നലെയും തകർന്നടിഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ 25 ശതമാനം അധിക തീരുവ അമേരിക്ക ഏർപ്പെടുത്തിയതോടെ രാജ്യത്തെ നിരവധി ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. ഇതോടെ മുഖ്യ സൂചികയായ സെൻസെക്‌സ് 705.97 പോയിന്റ് ഇടിഞ്ഞ് 80,080.57ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നി്‌റ്റി 211.15 പോയിന്റ് നഷ്‌ടത്തോടെ 24,500.90ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും കനത്ത വിൽപ്പന സമ്മർദ്ദമാണ് ഇന്നലെ ദൃശ്യമായത്.
എച്ച്.സി.എൽ ടെക്ക്, ഇൻഫോസിസ്, പവർ ഗ്രിഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ ലിവർ, ഭാരതി എയർടെൽ തുടങ്ങിയവയാണ് ഇന്നലെ തകർച്ചയ്‌ക്ക് നേതൃത്വം നൽകിയത്. പരുത്തി ഇറക്കുമതിയ്ക്ക് കേന്ദ്ര സർക്കാർ തീരുവ ഇളവ് പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ തിരിച്ചടി നേരിടുന്ന കയറ്റുമതിക്കാർക്ക് മികച്ച നയ പിന്തുണ ഉറപ്പാക്കുമെന്ന വിശ്വാസം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.
കരുത്തോടെ രൂപ
ആഭ്യന്തര ഓഹരി വിപണിയിലെ തിരിച്ചടിയും ട്രംപിന്റെ തീരുവ യുദ്ധവും മറികടന്ന് ഡോളറിനെതിരെ രൂപ ശക്തമായി പിടിച്ചുനിന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാണെങ്കിലും ഡോളറിനെതിരെ രൂപ ഇന്നലെ ആറ് പൈസ നേട്ടവുമായി 87.63ൽ വ്യാപാരം പൂർത്തിയാക്കി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവും കയറ്റുമതിക്കാർ ഡോളർ വിറ്റഴിച്ചതും രൂപയ്ക്ക് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |