തിരുവമ്പാടി: കനത്ത മഴയിലും ആനക്കാംപൊയിൽ സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആളുകൾ ഒഴുകിയെത്തി. ദീർഘകാലമായി ഒരു ജനത കാത്തിരുന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ സന്തോഷം അവരുടെ മുഖങ്ങളിൽ മിന്നി മറിഞ്ഞു. ഗതാഗതക്കുരുക്കിൽ നിന്ന് മോചനം നൽകുന്നതും വയനാട്, കോഴിക്കോട് ജില്ലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മുൻതൂക്കം നൽകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അവർ പടക്കം പൊട്ടിച്ചും നിറഞ്ഞ കരഘോഷങ്ങളോടെയുമാണ് സ്വീകരിച്ചത്. തങ്ങളുടെ സ്വപ്ന പദ്ധതി പൂവണിയുന്നത് കാണാൻ ഉച്ചയ്ക്ക് മുൻപേ തന്നെ സ്ത്രീകളും കുട്ടികളുമടക്കം ഇരിപ്പിടങ്ങളിൽ സ്ഥാനമുറപ്പിച്ചിരുന്നു. ഉദ്ഘാടന ചടങ്ങ് കാണാനായി വയനാട് മേപ്പടിയിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഗൗണ്ടിൽ ഇടം കിട്ടാത്തവർ പുറത്ത് കനത്ത മഴയിലും കുടയും ചൂടി മുഖ്യമന്ത്രിയുടെ വാക്കുകളെ നിറഞ്ഞ കൈയടികളോടെ സ്വീകരിച്ചു.
തുരങ്കപാത യാഥാർഥ്യമാകുന്നതിലൂടെ വാണിജ്യ, കാർഷിക, വിനോദ സഞ്ചാര മേഖലകൾക്ക് വലിയ കുതിപ്പുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രപരമായും പാരിസ്ഥിതികമായും സംരക്ഷിക്കപ്പെടേണ്ട മേഖലയാണ് വയനാട്. ജനങ്ങളുടെ ജീവിതവും ജീവനോപാദികളും സംരക്ഷിക്കപ്പെടണം. ഭൂമിയിലെ വിഭവങ്ങൾ മെച്ചപ്പെട്ട നിലയിൽ വരും തലമുറയ്ക്ക് കൈമാറുക എന്ന സുസ്ഥിര വികസന മാതൃകയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. തുരങ്കപാത വരുന്നതോടെ ഇരു ജില്ലകള്‍ക്കുമിടയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യത്തോടെ, സുരക്ഷിതമായി യാത്ര ചെയ്യാം. കോഴിക്കോട്ടെ മികച്ച സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരാണ് വയനാട് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. പാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്ടെ മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന വയനാടന്‍ ജനതയുടെ ദീര്‍ഘകാലമായുള്ള ആവശ്യവും നിറവേറും. യാത്ര സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, തേയില തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയും വര്‍ദ്ധിപ്പിക്കും. പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ നിര്‍മ്മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതിനൊപ്പം പ്രാദേശിക ടൂറിസം സാദ്ധ്യതകളും വര്‍ദ്ധിക്കും. കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ വലിയ മുന്നേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ
ആരവമായി ഘോഷയാത്ര
തുറന്ന ജീപ്പിൽ പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ്, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, വയനാട് എം. എൽ.എ ടി സിദ്ധിഖ് എന്നിവർ വാദ്യഘോഷങ്ങയുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് ചടങ്ങ് നടന്ന ആനക്കാം പൊയിൽ സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. ഘോഷയാത്രയിലും നൂറു കണക്കിന് കുട്ടികളും സ്ത്രീകളും പുരുഷന്മാരും ജനപ്രധിനിധികളും പങ്കെടുത്തു. ഉച്ചക്ക് നാലുമണിയോടെയാണ് ചടങ്ങ് നടന്നതെങ്കിലും ജന പ്രതിനിധികൾ അടക്കം പലരും നേരത്തെ തന്നെ എത്തിയിരുന്നു. പ്രതിസന്ധികൾ ഉണ്ടായപ്പോഴും സർക്കാർ തുരങ്കപാത പദ്ധതി യാഥാർത്ഥ്യമാക്കി മാറ്റിയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന പദ്ധതി തറക്കല്ലിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാക്കി മാറ്റുകയല്ല സർക്കാർ ചെയ്തതെന്നും 6000 കോടി രൂപ മുടക്കി വിഴിഞ്ഞം പദ്ധതിയും ദേശീയ പാതയുടെ നിർമ്മാണവുമെല്ലാം സർക്കാരിൻ്റെ വികസന കാഴ്ചപ്പാടിൻ്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കാർഷിക, ടൂറിസം മേഖലകൾക്ക് പുത്തനുണർവുണ്ടാകുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു പറഞ്ഞു.
ഇരട്ട തുരങ്ക പാത പൂർത്തിയാകും നാല് വർഷം കൊണ്ട്
കോഴിക്കോട്: വയനാട് - കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയതുമായ രണ്ടാമത്തെ ഇരട്ട തുരങ്കപാതയാണ് (ട്വിൻ ട്യൂബ് ടണൽ) ഇത്. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാവും.
പദ്ധതി ചെലവ് -2134. 5 കോടി രൂപ
മേൽനോട്ട ചുമതല: സംസ്ഥാന പൊതുമരാമത്ത് വകുപ്പ്
പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്: 2029ൽ
നിർമിക്കുന്ന കമ്പനി: ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ
ഇരട്ട തുരങ്കപ്പാതയുടെ ആകെ ദൂരം: 18.735 കിലോമീറ്റർ
തുരങ്കത്തിൻ്റെ ദുരം: 11 കിലോമീറ്റർ
വയനാട് ജില്ലയിൽ 5.58 കിലോമീറ്റർ,
കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്റർ
തുരങ്കപ്പാതയ്ക്ക് 10 മീറ്റർ വീതി. തുരങ്കത്തിൽ ആറു വളവുകൾ. ഓരോ 300 മീറ്ററിലും തുരങ്കങ്ങളെ
ബന്ധിപ്പിക്കുന്ന ക്രോസ് പാസേജ്
ടൂറിസം - വ്യാവസായിക വികസനത്തിന് കുതിപ്പാവും തുരങ്കപാത
തിരുവമ്പാടി: മലബാറിന്റെ ടൂറിസം - വ്യവസായിക വികസനത്തിന് കുതിപ്പാവാൻ തുരങ്കപാത. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉൾപ്പടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി ഇരട്ട തുരങ്കപ്പാതയാണ് നിർമിക്കുന്നത്. താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താനുള്ള എളുപ്പവഴിക്ക് 2,134 കോടിയാണ് നിർമാണ ചെലവ്. പദ്ധതി നാലു വർഷം കൊണ്ട് പൂർത്തിയാക്കുകയെന്നതാണ് ലക്ഷ്യം. മുഖ്യമന്ത്രി നേരിട്ടെത്തി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നടത്തിയതോടെ വലിയ പ്രതീക്ഷയിലാണ് നാട്.
ദൂരവും സമയവും കുറയും
തുരങ്കപ്പാത വരുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും കുറയും. മേപ്പാടിയിലേക്ക് 8.2 കിലോമീറ്ററിന്റേയും സുൽത്താൻ ബത്തേരിയിലേക്ക് ഒരു കിലോമീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. അതേസമയം ജില്ലാ ആസ്ഥാനമായ കൽപറ്റയിലേക്ക് ഏഴു കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും അധികം സഞ്ചരിക്കേണ്ടിവരും. പക്ഷെ ഹെയർപിൻ വളവുകളൊന്നുമില്ലാത്തതുകൊണ്ട് ഇപ്പോഴെടുക്കുന്നതിനേക്കാൾ പകുതി സമയം മാത്രമേ ലക്ഷ്യസ്ഥാനത്തെത്താൻ വേണ്ടിവരുകയുള്ളൂ. ഊട്ടി, മൈസുരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. മലബാറിന്റെ ടൂറിസം വികസനത്തിനും വലിയ പ്രതീക്ഷയാണ് ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നൽകുന്നത്.സംസ്ഥാനത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണ് എന്നതുകൊണ്ടുതന്നെ പാതയും ടൂറിസം സ്പോട്ടായി മാറും. തുരങ്കപാതയിലൂടെ ചരക്ക് നീക്കംചെയ്യാൻ സുഗമമാകുന്നതോടെ വ്യവസായ ഇടനാഴിയായും തുരങ്കപാത മാറും. സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ നീക്കവും എളുപ്പമാകും.
മുഖ്യമന്ത്രിയില്ലെങ്കിൽതുരങ്ക പാത ഇല്ല; താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ. പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. തടസങ്ങൾ ഒന്നിനുപിറകേ ഒന്നായി ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കാൻ കഴിഞ്ഞു. തുരങ്കപാത സര്‍വേക്കായി ബജറ്റിൽ പണം അനുവദിച്ച കെ.എം മാണിക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ബിഷപ്പ് പറഞ്ഞു. തുരങ്കപാത യാഥാർഥ്യമാക്കാൻ ഇടപെട്ട മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നെന്ന് ടി. സിദ്ദിഖ് എം.എൽ.എയും പറഞ്ഞു. പദ്ധതിക്ക് നേരത്തെ രണ്ടു കോടി രൂപ അനുവദിച്ച ഉമ്മൻ ചാണ്ടിയെയും കെ.എം മാണിയേയും ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുരങ്കപാത നിർമ്മാണ ഉദ്ഘാടനം വയനാട്ടിൽ നിന്നും പങ്കെടുത്തത് ആയിരങ്ങൾ
മേപ്പാടി: ആനക്കാംപൊയിലിൽ നടന്ന തുരങ്കപാത നിർമ്മാണ ഉദ്ഘാടനത്തിൽ വയനാട്ടിൽ നിന്നും പങ്കെടുത്തത് ആയിരങ്ങൾ. മേപ്പാടിയിൽ നിന്നും സംഘാടകസമിതിയുടെ നേതൃത്വത്തിൽ വിവിധ വാഹനങ്ങളിലായാണ് ആളുകൾ ആനക്കാംപൊയിലിലേക്ക് എത്തിയത്. തുരങ്കപാത പദ്ധതിക്ക് ഐക്യദാർഢ്യം അർപ്പിച്ച് മേപ്പാടി ടൗണിൽ പ്രകടനവും നടത്തി. ബസ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച് വലിയ ജുമാ മസ്ജിദ് പരിസരത്ത് പ്രകടനം അവസാനിച്ചു. തുടർന്ന് വിവിധ വാഹനങ്ങളിലായി ആളുകൾ ആനക്കാംപൊയിലിലേക്ക് യാത്ര പുറപ്പെട്ടു. വയനാടിന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നത് നേരിട്ടു കാണാനായതിൽ സന്തോഷം ഉണ്ടെന്ന് കർമ്മസമിതി കൺവീനർ കെ.പി ഹൈദരലി പറഞ്ഞു. ആഴ്ചകൾക്കു മുൻപ് തന്നെമേപ്പാടിയിൽ സംഘാടക സമിതിയുടെയും കർമ്മസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വയനാടിന്റെ എക്കാലത്തെയും സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായെന്ന് ഇവർ പറയുന്നു.
തുരങ്ക പാത നിർമ്മാണത്തിനായി അടുത്തദിവസം നിർമ്മാണ സാമഗ്രികൾ എന്തുമ്പോൾ സ്വീകരണം നൽകാനും ഇവർ തയ്യാറെടുക്കുന്നുണ്ട്. മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഏറ്റവും വികസനം നേടുന്ന സ്ഥലമായി മേപ്പാടി മാറും. വയനാട്ടിൽ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുന്ന മേപ്പാടിയിൽ ടൂറിസംമേഖലയുടെ വികസനത്തിനും തുരങ്കപാത കാരണമാകും. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആവിഷ്കരിച്ചതാണ് ചുരം ബദൽ പാതകളായ മേപ്പാടി - കള്ളാടി - ആനക്കാംപൊയിൽ തുരങ്ക പാത, മേപ്പാടി - നിലമ്പൂർ പാത എന്നിവ. ഇരുപാതകളും യാഥാർത്ഥ്യമാക്കുന്നതിന് പല ഇടപെടലുകൾ നടന്നിരുന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. തുരങ്കപാത പദ്ധതിയാണ് കുറേക്കൂടി മുന്നേറിയത്. നിർമ്മാണോദ്ഘാടനത്തിന് അവിവാദ്യം അർപ്പിച്ച് കൊണ്ട് സി.പി.എം പ്രവർത്തകർ വയനാട്ടിൽ വിവിധ പ്രദേശങ്ങളിൽ പ്രകടനം നടത്തി. പുൽപ്പളളിയിൽ നടന്ന പ്രകടനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |