കാളികാവ്: പ്രതീക്ഷ തകർന്ന് റബ്ബർ കർഷകർ വിലയിടിവ് തുടരുമെന്നാശങ്ക. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീസൺ റബ്ബർ കർഷകർക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കനത്ത മഴക്കാലം ഉൽപ്പാദനം കുറച്ചതിനു പുറമെ റബ്ബറുദ്പ്പന്ന നിർമ്മാതാക്കൾ വിപണിയിൽ നിന്ന് റബ്ബർ ശേഖരിക്കാൻ മടിക്കുന്നതായി കർഷകർ പറയുന്നു. അമേരിക്കയുടെ പകരച്ചുങ്കം റബ്ബർ ഉത്പ്പന്ന കയറ്റുമതിക്കാർക്ക് നഷ്ടമുണ്ടാക്കുന്നതാണ് കാരണം. ഇക്കാരണത്താൽ റബ്ബർ ഇറക്കുമതി തീരുവ കുറക്കണമെന്ന ആവശ്യവുമായി റബ്ബർ ഉത്പ്പന്ന നിർമ്മാതാക്കളുടെ സംഘടന കേന്ദ്ര വാണിജ്യ വകുപ്പിനെ സമീപിച്ചതായി കർഷക സംഘം പറയുന്നു. നിലവിൽ 25 ശതമാനമാണ് റബ്ബർ ഇറക്കുമതി തീരുവ. അനേകവർഷമായി ഇറക്കുമതി തീരുവ 30 ശതമാനമാക്കണമെന്ന ആവശ്യവുമായി കർഷക സംഘം കേന്ദ്ര വാണിജ്യ വകുപ്പിനു മുന്നിലുണ്ട്. എന്നാൽ തീരുവ 25 ശതമാനത്തിലും കുറക്കണമെന്ന ആവശ്യമാണ് ടയർ ലോബി അടക്കമുള്ള ഉത്പ്പന്ന നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ ആഭ്യന്തര റബ്ബറിന്റെ വില 150ൽ താഴെ വരുമെന്നാണ് കർഷകരുടെ ആശങ്ക. നിലവിൽ അമേരിക്കയുടെ പകരച്ചുങ്കത്തിൽ പ്രതിഷേധിച്ച് ചൈനയടക്കമുള്ള രാജ്യങ്ങൾ വിദേശമാർക്കറ്റിൽ നിന്ന് വിട്ടു നിന്നതിനാൽ റബ്ബറിന് വിലയിടിവ് സംഭവിച്ചിട്ടുണ്ട്. ഇത് മുതലെടുത്ത് വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യൻ ലോബിയുടെ ലക്ഷ്യം. 2024-25 വർഷത്തിൽ യു.എസ്സിലേക്ക് ടയറുകളടക്കമുള്ള റബ്ബറുത്പ്പന്നങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 6000 കോടി രൂപയാണ്. ഈ വർഷം ഇത് അമേരിക്കയുടെ അമ്പത് ശതമാനം പകരച്ചുങ്കം തകർത്തിരിക്കുകയാണ്. ഇതിനെ മറികടക്കാനാണ് ഇറക്കു മതി തീരുവ കുറക്കുന്നതിന് ഇന്ത്യൻ കയറ്റുമതിക്കാർ ശ്രമിക്കുന്നത്. ഇനി വരാൻ പോകുന്ന അഞ്ചു മാസം കേരളത്തിൽ റബ്ബറുദ്പാദകരുടെ സീസൺ കാലമാണ്. കാലം തെറ്റിയ കാല വർഷവും ഉദ്പാദനക്കുറവും മൂലം കടക്കെണിയിലായ റബ്ബർ കർഷകർക്ക് ഇനിയൊരു തിരിച്ചടി താങ്ങാനാവില്ല. ഇടക്കാലത്ത് റബ്ബറിന് 240 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്തു നിന്ന് ആറുമാസം കൊണ്ട് ഇപ്പോൾ 180 ലാണ് വിലയെത്തിയിട്ടുള്ളത്. റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണമെന്ന് ഏറെക്കാലമായി കേരളത്തിലെ റബ്ബർ കർഷകർ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഉദ്പാനച്ചെലവ് പോലും ഒത്തു പോകാത്ത റബ്ബർ കർഷകർ പലരും തോട്ടത്തിൽ ടാപ്പിംഗ് നിർത്തി വയ്ക്കാൻ നിർബ്ബന്ധിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |