കോഴിക്കോട്: ഓണത്തിരക്കിൽ ഓടുമ്പോൾ റോഡിലെ കുഴികളിൽ വീഴാതെ നോക്കണം. നഗരത്തിന്റെ പല ഭാഗങ്ങളിലെയും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ വെള്ളം നിറഞ്ഞതിനാൽ കുഴിയേത് വഴിയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ലോറി സ്റ്റാൻഡ്, കോൺവെന്റ് റോഡ്, മൊയ്തീൻ പള്ളി റോഡ്, ജില്ലാ കോടതിയ്ക്കു പിന്നിലെ റോഡ്, റെയിൽവേ വലിയങ്ങാടി റോഡ്, ടൗൺ ഹാളിന് മുൻവശം, മാനാഞ്ചിറ തുടങ്ങിയ ഇടങ്ങളിലെല്ലാം വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. വാഹനങ്ങളും കാൽനടയാത്രക്കാരും വിനോദ സഞ്ചാരികളുമായി എപ്പോഴും തിരക്കനുഭവപ്പെടുന്ന എൽ.ഐ.സി കോർണർ ബസ് സ്റ്റോപ്പിന് മുന്നിലെ വലിയ കുഴിയിൽ വാഹനങ്ങൾ ചാടിപ്പോവുന്നത് തടയാൻ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് ബോർഡ് വെച്ചിരിക്കുകയാണ്. ഓണവിപണി സജ്ജീവമായതോടെ മിഠായിത്തെരുവിലേക്ക് സാധനങ്ങൾ വാങ്ങാനും മറ്റും എത്തുന്നവരുടെ തിക്കിതിരക്കാണിപ്പോൾ. വടകര, കണ്ണൂർ, കുറ്റ്യാടി, ബാലുശ്ശേരി, താമരശ്ശേരി തുടങ്ങിയ ഭാഗത്തേക്കുള്ള ലൈൻ ബസുകളും നഗരത്തിലൂടെ ഓടുന്ന സിറ്റി ബസുകളും ഇതുവഴിയാണ് കടന്നുപോവുക. അതിനാൽ ആയിരക്കണക്കിന് യാത്രക്കാർ ഇവിടെ ബസ് കാത്തിരിക്കുന്നുണ്ടാവും. റോഡിലെ ചെളിയും കുഴിയും കാരണം ജീവൻ പണയം വച്ചാണ് യാത്രക്കാർ തിരക്കിനിടയിലൂടെ ബസുകളിൽ കയറിപ്പറ്റുന്നത്. കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ പതിവായിട്ടുണ്ട്. പല റോഡുകളും ഈയടുത്ത് പൊട്ടിപ്പൊളിഞ്ഞതിനാൽ ഇതറിയാതെ എത്തുന്ന ആളുകളാണ് കുഴിയിൽ വീഴുന്നത്. കുഴിയിൽ വീഴാതെ പോകാനായി തിരക്കുള്ള റോഡുകളിൽ വാഹനങ്ങൾ പതുക്കെ പോകുന്നത് ഗതാഗതക്കുരുക്കിനും വഴിവെക്കുന്നു.
ഫണ്ടുണ്ട്. പക്ഷേ..
കനത്ത മഴയെ തുടർന്ന് കുണ്ടുംകുഴിയുമായ നഗരത്തിലെ റോഡുകൾ നന്നാക്കാൻ കഴിഞ്ഞ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായിട്ടും നടപടിയില്ല. ഓണത്തിന് മുമ്പെങ്കിലും ഇവ അടയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ എസ്റ്റിമേറ്റ് നടപടികൾ പുരോഗമിക്കുകയല്ലാതെ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾക്ക് വേഗം പോര. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 50 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്.
'' നിരവധി പേരാണ് നഗരത്തിലെത്തുന്നത്. റോഡിലെ കുണ്ടും കുഴികളും അപകടഭീഷണി ഉയർത്തുകയാണ്. ക്വാറിവേസ്റ്റ് ഇട്ട് റോഡിലെ കുഴി അടക്കാനെങ്കിലും കോർപ്പറേഷൻ തയ്യാറാവണം''- സീത- യാത്രക്കാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |