കോഴിക്കോട്: ബാലുശ്ശേരിയിലേക്ക് രാത്രിയിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി സർവീസിന് റെയിൽവേ സ്റ്റേഷനു മുന്നിൽ ബസ്‌ബേയിൽ പാർക്കുചെയ്യാൻ പൊലീസ് ഇടപെടൽ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. ഓട്ടോറിക്ഷക്കാർ പ്രശ്നമുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം. കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയതോടെ ഓട്ടോറിക്ഷകൾക്ക് സർവീസ് കുറയുന്നുവെന്നാണ് പരാതി.
റോഡരികിൽ ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും പാർക്കുചെയ്യുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യവുമുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാർ സ്ഥലത്ത് സംഘർഷമുണ്ടാക്കുകയും ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി താമരശേരി ഡിപ്പോ അസി. ട്രാൻസ്‌പോർട്ട് ഓഫീസറാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തുനൽകിയത്.
മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 17 മുതൽ രാത്രികാലത്ത് ബാലുശ്ശേരിയിലേക്ക് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചത്.
രാത്രിയിൽ ജനശതാബ്ദി ട്രെയിൻ വന്നതിനുശേഷം 11.10ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന വിധത്തിലാണ് ബാലുശ്ശേരിയിൽ നിന്ന് താമരശേരിയിലേക്ക് സർവീസ്. വൈകിയെത്തുന്ന യാത്രക്കാർക്ക് രാത്രി സർവീസ് വലിയ ആശ്വാസമാണ് നൽകിയിട്ടുള്ളത്.
കെഎസ്ആർടിസിക്കു നല്ല വരുമാനവും ലഭിക്കുന്നുണ്ട്.
തുടക്കം മുതൽ പ്രശ്നം
കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങിയ ദിവസം തന്നെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിഷേധവുമായി എത്തിയിരുന്നു. ബസ് ഓടിയാൽ ഓട്ടോറിക്ഷകൾക്ക് ഓട്ടം കുറയുമെന്നാണ് പരാതി. ജനശതാബ്ദി വരുന്ന സമയത്ത് സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും റോഡരികൽ പാർക്കു ചെയ്യുകയാണ്. ഇതു കാരണം അവിടെയെത്തുന്ന കെ.എസ്.ആർ.ടി.സി. ബസിന് ബസ്‌ബേയിൽ പാർക്ക് ചെയ്യാനാകുന്നില്ല. ഇതു പലപ്പോഴും തർക്കത്തിനു കാരണമാകുന്നു. കെ.എസ്.ആർ.ടി.സി. ബസ് സർവീസ് മുടക്കുകയെന്ന തന്ത്രമാണ് ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ സ്വീകരിച്ചിട്ടുള്ളതെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |