തിരുവല്ല : പ്രാദേശിക കർഷകരുടെ അദ്ധ്വാനത്തിലൂടെ വിളയിച്ചെടുത്ത ഉൽപ്പന്നങ്ങൾ കൃഷിവകുപ്പിന്റെ ഓണസമൃദ്ധി പച്ചക്കറി ചന്തകളിലൂടെ പഞ്ചായത്തുതോറും വിപണനം തുടങ്ങി. ആദ്യദിനത്തിൽ മുതൽ നാടൻ ഉൽപ്പന്നങ്ങൾക്കായി പൊതുജനങ്ങളുടെ തിരക്കേറി. ഉത്രാടപ്പാച്ചിലിനായി വ്യാഴാഴ്ച വരെ ചന്തകൾ പ്രവർത്തിക്കും. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10% അധികവില നൽകി കർഷകരിൽ നിന്നു നാടൻപഴം, പച്ചക്കറി എന്നിവ വാങ്ങി പൊതുവിപണിയെക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്കാണ് ഓണസമൃദ്ധി ചന്തകളിലൂടെ ഉപഭോക്‌താക്കൾക്ക് വിൽക്കുന്നത്. ഇരവിപേരൂർ പഞ്ചായത്ത്, കൃഷിഭവൻ,കാർഷിക വികസനസമിതി, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ കർഷകച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഓണസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസ തോമസ്, പഞ്ചായത്ത് അംഗങ്ങളായ അമിത രാജേഷ്, അമ്മിണിചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയവർഗീസ്, സതീഷ്കുമാർ, കെ.കെ.വിജയമ്മ, കാർഷിക വികസനസമിതി അംഗങ്ങളായ റേയ്ച്ചൽ മാത്യു, തമ്പു പനോടിൽ, എ.വി.ജോർജുകുട്ടി, റോയി ചാണ്ടപ്പിള്ള, കൃഷിഓഫിസർ സ്വാതി ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. ഇരവിപേരൂരിൽ 4,000കിലോ പഴം,പച്ചക്കറികൾ കർഷകരിൽനിന്നും 360കിലോ പഴം,പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്നും സംഭരിച്ച് വിതരണം ചെയ്യും. കർഷകച്ചന്തയോടനുബന്ധിച്ചു പായസം കൗണ്ടർ, ഇരവിപേരൂർ ഫ്ളോറി വില്ലേജ് -ബന്ദിപ്പൂ വിൽപന കൗണ്ടർ എന്നിവയുമുണ്ട്. കർഷകച്ചന്ത ഉപഭോക്താക്കൾക്കായി ഓണസമൃദ്ധി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് 5നു നടക്കും.
കുറ്റൂർ പഞ്ചായത്തിൽ ഓണവിപണിക്കായി കൃഷിഭവനിൽ സംഭരിച്ചത് 4560 കിലോ പച്ചക്കറിയാണ്. കൃഷിഭവന്റെ വിവിധ ഭാഗങ്ങളിൽ ഉൽപാദിപ്പിച്ചവ വിവിധ പഞ്ചായത്തുകളിലെ വിപണികളിലേയ്ക്ക് വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. പുളിക്കിഴ്, മല്ലപ്പള്ളി ബ്ലോക്കുകളിലും സമീപമുള്ള മറ്റു ജില്ലകളിലെയും കൃഷി ഭവനുകൾക്കും ചങ്ങനാശേരി കൃഷിഭവനിലേയ്ക്കും നൽകാൻ ആവശ്യമായ ഉൽപന്നങ്ങൾ കൃഷിഭവന്റെ പരിധിയിലുള്ള കർഷകരിൽ നിന്നും സംഭരിച്ചു. ജില്ലയിലെ 6 ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 45 കൃഷിഭവനുകളുടെ വിപണിയിലേയ്ക്കും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ വിപണികളിലേയ്ക്കും കുറ്റൂർ കരിമ്പ് ഉൽപാദക സംഘത്തിന്റെ 3500കിലോ ശർക്കര നൽകി. വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജോൺ, അംഗങ്ങളായ സാബു കുറ്റിയിൽ, പി.എസ്.ശ്രീവല്ലഭൻ നായർ, ടി.കെ.പ്രസന്നകുമാർ, ജോ ഇലഞ്ഞിമൂട്ടിൽ, കാർഷിക വികസനസമിതി അംഗങ്ങളായ പ്രസാദ് തണൽ, ടി.കെ.സുകുമാരൻ, പി.ടി.ലാലൻ, കൃഷി ഓഫീസർ താരാ മോഹൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |