തിരുവനന്തപുരം: മനുഷ്യൻ എന്താണെന്നും മതം എന്താണെന്നും ദൈവഭാവന എന്താണെന്നും അത്യന്തം ലളിത സുന്ദരമായ വചനങ്ങളിലൂടെ കാട്ടിക്കൊടുത്ത മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ നീതിയെപ്പറ്റിയുള്ള മഹാസങ്കല്പങ്ങളുടെ പ്രകാശം സ്വന്തം ദർശനങ്ങളിലൂടെ ഗുരു ചൊരിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നു വർഷം കൂടി കഴിയുമ്പോൾ ഗുരു സമാധിയായതിന്റെ ശതാബ്‌ദി എത്തുകയാണ്. ഇത് സാർവദേശീയ തലത്തിൽ ഗുരുസന്ദേശ പ്രസരണ വർഷമായി ആചരിക്കാൻ കഴിയണം. ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ അന്ധകാരപൂർണമായ കാലഘട്ടത്തിൽ ആരെയും മാറ്റിനിറുത്താതെ കാണാൻ ഗുരുവിനു കഴിഞ്ഞു. പുതിയ കാലത്ത് ഉപയോഗിക്കുന്ന ഇൻക്ലൂസീവ് എന്ന വാക്കിലേക്ക് പുതിയ സമൂഹം വന്നത് ആ കാഴ്ചപ്പാടിൽ നിന്നാണ്.
ഒരാളെയും വിട്ടുപോകാതെ എല്ലാവരെയും ചേർത്തു പിടിക്കുന്നതാണ് അതിലൂടെ ലക്ഷ്യമാക്കുന്നത്. ഗുരുവിന്റെ സോദരത്വേന എന്ന സന്ദേശം മുൻപേതന്നെ വെളിച്ചം പരത്താൻ ഇവിടെ ഉണ്ടായതുകൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തിൽ സാഹോദര്യം എന്ന വാക്ക് കടന്നുവന്നത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |