കോഴിക്കോട്: കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിൽ റേഷൻ വിതരണം തടസപ്പെടുന്നത് പരിഹരിക്കുമെന്ന വാക്ക് പാലിച്ച് സിവിൽ സപ്ളെെസ് മന്ത്രി ജി.ആർ അനിൽ. ഇതോടെ ബേപ്പൂർ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്നുള്ള റേഷൻ സാധനങ്ങളുടെ വിതരണം പഴയതുപോലെ വെള്ളയിൽ നിന്നുതന്നെയാക്കി. ഇതിനായി താത്കാലികമായി പുതിയ ഗോഡൗൺ സൗകര്യം ഏർപ്പെടുത്തി. റേഷൻ വിതരണം വെള്ളയിൽ നിന്നാക്കിയതോടെ സിറ്റി പരിധിയിലെ രണ്ടര ലക്ഷത്തിലധികം കാർഡുടമകൾക്കും റേഷൻ ഡീലർമാർക്കും ആശ്വാസമായി. അസൗകര്യങ്ങൾ മൂലം വെള്ളയിൽ ഗോഡൗൺ ബേപ്പൂരിലേക്ക് മാറ്റിയതിനെ തുടർന്നാണ് വിതരണ പ്രശ്നമുണ്ടായത്. വെള്ളയിലെ തൊഴിലാളികളിൽ കുറച്ചുപേരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ബേപ്പൂരിലേക്ക് മാറ്റിയിരുന്നു. എന്നാൽ തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടായതോടെ റേഷൻ വിതരണം മന്ദഗതിയിലായി. കോടതി ഇടപെട്ട് തൊഴിൽ വീതിച്ചെങ്കിലും അവർക്കിടയിലെ ശീതസമരം തുടർന്നു. വെള്ളയിലെ തൊഴിലാളികൾക്ക് 75ശതമാനം തൊഴിലും ബേപ്പൂരിലെ തൊഴിലാളികൾക്ക് 25ശതമാനം എന്ന രീതി തൊഴിലാളികൾ അംഗീകരിച്ചില്ല. കഴിഞ്ഞ മാസം കോഴിക്കോട്ടെത്തിയ മന്ത്രിയോട് ഡീലർമാർ പ്രശ്നം അവതരിപ്പിച്ചിരുന്നു. തുടർന്നാണ് ഓണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് മന്ത്രി നൽകിയത്.
തൊഴിലാളികൾക്ക് ആശ്വാസം
വെള്ളയിലെ തൊഴിലാളികൾക്കാണ് ഗോഡൗൺ മാറ്റത്തെ തുടർന്ന് കൂടുതൽ തൊഴിൽ നഷ്ടപ്പെട്ടത്. ഇത് പരിഗണിച്ചാണ് കൂടുതൽ തൊഴിൽ അവർക്കായി വീതിച്ചത്. എന്നാൽ തങ്ങൾക്ക് 50% തൊഴിൽ നൽകണമെന്ന് ബേപ്പൂരിലെ തൊഴിലാളികൾ വാദിച്ചു. തുടർന്നാണ് കയറ്റിറക്ക് മന്ദഗതിയിലായത്. കയറ്റിറക്ക് മന്ദഗതിയിലായതിനെ തുടർന്ന് ബേപ്പൂർ ഗോഡൗണിലെ 52 ടണ്ണോളം അരിയും ഗോതമ്പും നശിച്ചതായി ആക്ഷേപമുയർന്നിരുന്നു. കനത്ത മഴയും ധാന്യം നശിക്കാനിടയാക്കി. ഗോഡൗൺ മാറ്റിയതോടെ വെള്ളയിലെ തൊഴിലാളികളുടെ തൊഴിൽ നഷ്ടം ഒഴിവായി.
ബേപ്പൂരിലുള്ള ധാന്യങ്ങൾ കഴിഞ്ഞ മാസം അവിടെ നിന്നു തന്നെ വിതരണം ചെയ്തു. ഇനി മുതൽ വെള്ളയിൽ നിന്ന് കിട്ടുമെന്നത് ആശ്വാസമാണ്.
കെ.പി. അഷ്റഫ്, ജില്ല സെക്രട്ടറി, റേഷൻ ഡീലേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |