കോഴിക്കോട്: ഒരു പതിറ്റാണ്ട് മുമ്പ് മാനസികനില തെറ്റി വീടുവിട്ടിറങ്ങിയ നൂറുന്നീസയെ തേടി ഒടുവിൽ ഉറ്റവരെത്തി. ഭാഷയറിയാതെ മായനാട് ആശാഭവനിൽ കഴിഞ്ഞ ബിഹാർ സ്വദേശിനിയാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ കുടുംബത്തിലേക്ക് മടങ്ങിയത്. 2015 ജനുവരിയിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് നൂറുന്നീസയെ ആശാഭവനിൽ പ്രവേശിപ്പിച്ചത്. മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും ഉറ്റവരും ഉടയവരും ആരെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉത്തരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ശിവൻ കോട്ടൂളി സംസാരിച്ചപ്പോഴാണ് നാടിനെക്കുറിച്ച് സൂചന നൽകിയത്.
ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലക്കാരിയായ നൂറുന്നീസയ്ക്ക് ഭർത്താവും അഞ്ച് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. ഭർത്താവ് മോത്തിഹാരി കോടതിയിൽ അഭിഭാഷകനായിരുന്നു. ചമ്പാരൻ ജില്ലയിലെ പൊലീസുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. തുടർന്ന് ഫോണിൽ സംസാരിച്ചപ്പോൾ ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തു. വർഷങ്ങൾ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ തങ്ങൾക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ട ഉമ്മയെ തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു മക്കൾ. ബംഗളൂരുവിൽ താമസിക്കുന്ന മകളാണ് ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലേക്ക് കൊണ്ടുപോകാൻ ആശാഭവനിൽ എത്തിയത്. വർഷങ്ങൾക്ക് ശേഷം ഉമ്മയെ തിരിച്ചു കിട്ടിയതിന്റെ ആനന്ദവും കാണാതായപ്പോഴുണ്ടായ വേദനയും പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. ആശാഭവനിലെ യാത്രയയപ്പിന് ശേഷം നൂറുന്നീസയെ കൂട്ടി മകളും കുടുംബവും ബംഗളൂരുവിലേക്ക് മടങ്ങി. അവിടുന്ന് സ്വദേശമായ ബീഹാറിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |