കൊഴിഞ്ഞാമ്പാറ: ചിറ്റൂർപ്പുഴയിലെ മൂലത്തറ റെഗുലേറ്റർ പുനർനിർമ്മാണ ജോലിയുമായി ബന്ധപ്പെട്ട് തടഞ്ഞുവെച്ച തുകയിൽ 3.09 കോടി രൂപ കരാർ കമ്പനിക്ക് നൽകിയ നടപടിക്ക് ജലസേചനവകുപ്പിന്റെ അംഗീകാരം.റെഗുലേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നതിനിടെ കഴിഞ്ഞ ജനുവരിയിലാണ് ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് ബോർഡ് (ഐഡിആർബി) ചീഫ് എൻജിനിയർ തുക അനുവദിച്ചത്.
കേരള - തമിഴ്നാട് സംസ്ഥാന അതിർത്തിയായ മൂലത്തറയിൽ നിലവിലുള്ള റെഗുലേറ്ററിന് ആറ് അധിക ഷട്ടർ വെന്റുകൾകൂടി നിർമ്മിക്കാൻ 52.35 കോടി രൂപയ്ക്കാണ് തുടക്കത്തിൽ ഭരണാനുമതി നൽകിയിരുന്നത്. റെഗുലേറ്ററിന്റെ നിർമ്മാണ കരാർ ലഭിച്ച സ്വകാര്യ കമ്പനി 44.67 കോടിക്ക് കരാർ എടുത്തു. പിന്നീട് സർക്കാർ നിർമ്മാണച്ചെലവ് 57.36 കോടിയായി ഉയർത്തി.
നിർമ്മാണ ജോലികളിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടി വന്നതിനാലാണ് തുക ഉയർത്തേണ്ടി വന്നതെന്നായിരുന്നു അന്ന് ജലസേചനവകുപ്പ് അധികൃതർ സ്വീകരിച്ച നിലപാട്. പിന്നാലെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയർന്നു. ഇതിനിടെ തുകയിൽ അധികമായി വന്ന 4.07 കോടി തടഞ്ഞുവെക്കാനും തീരുമാനമായി.
ഇതിനെതിരേ കരാർ കമ്പനി അഡ്ജുഡിക്കേറ്ററെയും കോടതിയെയും സമീപിച്ചു. വിധി കരാറുകാർക്ക് അനുകൂലമാതോടെ 2024 ജനുവരിയിൽ ചെലവ് വീണ്ടും കണക്കാക്കി തുക വിതരണം ചെയ്യാൻ ഐ.ഡി.ആ.ർബിയെ ചുമതലപ്പെടുത്തുകയായിരുന്നു.
രണ്ടാംവട്ട പരിശോധനയിൽ നിർമ്മാണച്ചെലവ് 56.25 കോടിയായി പുനർനിർണയിച്ചു. ഇതിനിടെ 2022 ഫെബ്രുവരിയോടെ കരാർ കമ്പനിക്കുള്ള തുകയിൽ 53.16 കോടി വിതരണം ചെയ്തിരുന്നു.
ബാക്കിത്തുകയായ 3.09 കോടി ജനുവരിയിൽ ഐ.ഡി.ആർ.ബി ചീഫ് എൻജിനിയർ കരാർ കമ്പനിക്ക് കൈമാറി. അണക്കെട്ടുകളുടെ സൗന്ദര്യ വത്കരണത്തിനും പുനർനിർമ്മാണത്തിനുമുള്ള ലോകബാങ്ക് സഹകരണത്തോടെയുള്ള പദ്ധതി ഡ്രിപ്- രണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |