ബേപ്പൂർ: തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോകുന്ന ഉരുക്കൾക്കുള്ള നിരോധനം നീങ്ങിയതോടെ ഇന്നലെ രണ്ട് ഉരുക്കൾ യാത്ര പുറപ്പെട്ടു. മൺസൂൺ കാലയളവിൽ മേയ് 15 മുതൽ സെപ്തംബർ 15 വരെയാണ് ഉരുക്കൾക്ക് ലക്ഷദ്വീപിലേക്ക് നിരോധനം ഏർപ്പെടുത്തിയത്. ആന്ത്രോത്ത്, കവറത്തി എന്നീ ദ്വീപിലേക്ക് മരിയ മാത എന്ന ഉരുവും അമേനി ദ്വീപി ലേക്ക് മറൈൻ ലൈൻ എന്ന ഉരുവുമാണ് ഇന്നലെ പുറപ്പെട്ടത്. കെട്ടിട നിർമ്മാണ സാമഗ്രികൾ, ഫർണ്ണിച്ചർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഫലവർഗങ്ങൾ എന്നിവയുമാണ് ഉരുക്കൾ പുറപ്പെട്ടത്. നിരോധന കാലയളവിൽ ദ്വീപ് സമൂഹത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. മരിയമാത എന്ന ഉരു തമിഴ്നാട് തൂത്തുക്കുടിയിൽ നിന്നാണ് തുറമുഖത്തെത്തിച്ചത്. നിരോധനം നീങ്ങി പതിനാറിലധികം ഉരുക്കൾ ബേപ്പൂർ തുറമുഖത്തു നിന്ന് പുറപ്പെടുന്നതോടെ ലക്ഷദ്വീപിലെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമാകും . ബേപ്പൂർ തുറമുഖത്തു നിന്ന് കഴിഞ്ഞ ദിവസം കവറത്തി ദ്വീപിലേക്ക് പോയ ബാർജിൽ നിന്ന് അനധികൃതമായി കടത്തിയ മദ്യം കവറത്തി പൊലീസ് കണ്ടെടുത്തതിനെ തുടർന്ന് തുറമുഖത്ത് ഡോഗ് സ്ക്വാഡിന്റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുകയാണെങ്കിൽ ബേപ്പൂർ തുറമുഖം കൂടുതൽ സജീവമാകുമെന്ന് കന്നുകാലി വ്യാപാരികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |