കണ്ണൂർ: പുറത്തുനിന്ന് ലഹരി എത്തിക്കുന്നതും തടവുകാർ ഫോൺ ഉപയോഗിക്കുന്നതുമടക്കം വിവാദങ്ങൾ പതിവായ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷ ഇന്ത്യൻ റിസർവ് ബറ്റാലിയനെ (ഐ.ആർ.ബി) ഏൽപ്പിക്കണമെന്ന് ജയിൽ വകുപ്പിന്റെ ശുപാർശ. ജയിലിനുള്ളിലെ സുരക്ഷയ്ക്ക് വേണ്ടിയാണിത്. നിലവിൽ ജയിലിന് പുറത്ത് ഐ.ആർ.ബി സേവനമുണ്ട്. ജയിലിനകത്തേക്കും പുറത്തേക്കും കടക്കുന്ന തടവുകാരുടെ ശരീര പരിശോധന ഉൾപ്പെടെ നടത്തുന്നത് ഇവരാണ്.
ഇതുകൂടാതെയാണ് ജയിലിനുള്ളിലും ഇവരുടെ സേവനം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിലേക്ക് ലഹരി എറിഞ്ഞുകൊടുക്കുന്നതായി സംശയിക്കുന്ന ഭാഗത്തടക്കം ഇവരെ നിയോഗിക്കാനാണ് ആലോചന.
മൊബൈൽ ഫോൺ വഴിയാണ് ജയിലിൽ ലഹരി ഇടപാടുൾപ്പെടെ നടക്കുന്നത്. വിളിക്കാൻ മാത്രം കഴിയുന്ന ചെറിയ ഫോണുകളാണ് തടവുകാർ ഉപയോഗിക്കുന്നത്. കോടതിയിലടക്കം പോയി വരുമ്പോൾ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചും തടവുകാർ ഫോൺ കടത്താറുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തോടെ ജയിലിലെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
ഇരുമ്പുവേലി
സ്ഥാപിക്കണം
1.ജയിൽ മതിലിലെ തകരാറിലായ വൈദ്യുതി വേലി പുന:സ്ഥാപിക്കണം
2.തടവുകാർ മതിലിനടുത്ത് എത്തുന്നത് തടയാൻ ഇരുമ്പ് വേലിയും സ്ഥാപിക്കണം
3.ഫോൺകടത്ത് തടയാൻ ജയിൽ കവാടത്തിൽ സ്കാനറുകളും വേണം
ലഹരി എറിഞ്ഞുനൽകിയ
മൂന്നാമനും പിടിയിൽ
കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞു നൽകിയ കേസിൽ മൂന്നാമനും പിടിയിലായി. പുതിയതെരു പനങ്കാവിലെ കെ.റിജുലിനെയാണ് (26) പൊലീസ് പിടികൂടിയത്. ആഗസ്റ്റ് 24ന് ലഹരി എറിഞ്ഞു നൽകുന്നതിനിടെ പൊലീസ് കണ്ടതോടെ ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു. മറ്റു രണ്ടുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |