കൊച്ചി: കേരളത്തിലെ ആദ്യത്തെ സ്‌പോർട്‌സ് സിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും നിർമ്മാണോദ്ഘാടനവും 22ന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. സ്റ്റുഡന്റ് വേൾഡ് കപ്പ് കൗൺസിലിന്റെ മേൽനോട്ടത്തിൽ നാഷണൽ സ്റ്റുഡന്റ്‌സ് വേൾഡ് കപ്പ് ഫെഡറേഷന്റെ അഫിലിയേഷനോട് കൂടിയാണ് സ്‌പോർട്‌സ് സിറ്റി തുടങ്ങുക. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് 12കിലോമീറ്റർ അടുത്തായി കറുകുറ്റിക്ക് സമീപത്തെ 25ഏക്കർ സ്ഥലത്താണ് സ്‌പോർട്‌സ് സിറ്റി. ഇരുനൂറോളം പ്രമുഖ കായികതാരങ്ങളെ ഉൾപ്പെടുത്തി, ഒരു പതിറ്റാണ്ടായി ഇന്ത്യയെ ലോകത്തിന്റെ സ്പോർട്സ് ക്യാപ്പിറ്റൽ ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്.ഡബ്ല്യു.സി.സി പ്രവർത്തിച്ചു വരുന്നതെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ, അർജുന, ധ്യാൻചന്ദ് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഒളിമ്പ്യന്മാരുടെയും രാജ്യത്തിനുവേണ്ടി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വ്യക്തികളുടെയും കൂട്ടായ്മയാണിത്.
ഒരുലക്ഷം ചതുരശ്രഅടിയിൽ റെസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂൾ, ഇൻഡോർ സ്റ്റേഡിയം, മത്സരങ്ങൾ നടത്തുന്നതിന് അനുയോജ്യമായ ഇന്റർനാഷണൽ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, അത്‌ലറ്റിക് സ്റ്റേഡിയം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് കൊച്ചി സ്‌പോർട്ട്‌സ് സിറ്റി വിഭാവനം ചെയ്യുന്നത്.
അതിഥികൾക്ക് താമസത്തിനായി നൂറോളം കോട്ടേജുകളും 200ഓളം സർവീസ് അപ്പാർട്ട്‌മെന്റുകളും രൂപകല്പന ചെയ്തിട്ടുണ്ട്. സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനായി അംഗത്വംനൽകും. സമാനമായ സ്‌പോർട്സ് സിറ്റികൾ കർണാടകയിലും തമിഴ്നാട്ടിലും ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
22ന് വൈകിട്ട് അഞ്ചിന് കൊച്ചി ലെ മെറിഡിയൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസും 23-ാമത് ഇന്ത്യൻ ലാ കമ്മിഷൻ ചെയർമാനും എസ്.ഡബ്ല്യു.സി.സി മുൻ ചീഫ് പേട്രനുമായ ജസ്റ്റിസ് ദിനേശ് മഹേശ്വരി കൊച്ചി സ്‌പോർട്സ് സിറ്റി നിർമ്മാണം ഉദ്ഘാടനം ചെയ്യും. എസ്.ഡബ്ല്യു.സി.സി നാഷണൽ പ്രസിഡന്റും സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകനുമായ അരുണോശ്വർ ഗുപ്ത അദ്ധ്യക്ഷനാകും.
മാലിദ്വീപ് കായിക, ഫിറ്റ്‌നസ്, വിനോദവകുപ്പ് മന്ത്രി അബ്ദുല്ല റാഫി ലോഗോ പ്രകാശിപ്പിക്കും, സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനും വിവിധ സംസ്ഥാനങ്ങളിൽ സ്‌പോർട്ട്‌സ് ലാ തയ്യാറാക്കിയിട്ടുമുള്ള സന്താന കൃഷ്ണൻ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ എസ്.ഡബ്ല്യു.സി.സി പ്രതിനിധികൾ, കായിക പുരസ്‌കാര ജേതാക്കൾ എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |