നെൽകൃഷിയിലെ പ്രതിസന്ധി
ചിറ്റൂർ: നെൽകൃഷി കൂടാതെ വയൽ വരമ്പിൽ തെങ്ങും പരിപാലിച്ചു വരുന്ന നല്ലേപ്പിള്ളി പാറക്കാൽ കുറ്റിപ്പള്ളത്തെ ചെറുകിട കർഷകനായ ശിവദാസ് വെണ്ട, ചെണ്ടുമല്ലി കൃഷികളിലും പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. നാലേക്കർ നെൽകൃഷിയാണ് ശിവദാസിനുള്ളത്. കൂടാതെ 60 സെന്റ് സ്ഥലത്ത് വെണ്ടയും 30 സെന്റിൽ ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നു. നെൽകൃഷിയിൽ ഉല്പാദന ചെലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത അവസ്ഥ, വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളവെടുപ്പായാലും പണം കിട്ടാത്ത സ്ഥിതി ഇതെല്ലാമാണ് സമ്മിശ്ര കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. നെൽകൃഷിയിലെ വരുമാന പ്രതിസന്ധി ഇതുവഴി നികത്താനാകുമെന്ന പ്രതീക്ഷയിലാണ്. പുറമെ മാവിൻ തോട്ടങ്ങൾ കരാറെടുത്തുള്ള കച്ചവടവുമുണ്ട്. മാങ്ങ പറിച്ച് പഴമാക്കി വിൽക്കുന്നതു മുതൽ മാങ്ങ അച്ചാറിനു വരെ വിപണി കണ്ടെത്തുന്നു. കോയമ്പത്തൂർ, പുതുനഗരം എന്നിവിടങ്ങളിലാണ് ശിവദാസ് പ്രധാനമായും വിപണി കണ്ടെത്തുന്നത്. മകൾ അശ്വനിയും ഭാര്യ നളിനിയുമാണ് സമ്മിശ്രകൃഷി നടത്താൻ ശിവദാസിനെ പ്രേരിപ്പിച്ചത്. ഓണ വിപണി പ്രതീക്ഷിച്ച് ചെണ്ടുമല്ലികൃഷിയിറക്കാൻ ഒരുക്കങ്ങൾ ചെയ്‌തെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ കൃഷിയിറക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ദീപാവലി മാർക്കറ്റ് ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ 30 സെന്റിലാണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. നല്ല വിളവും പൂവിന് നല്ല വിലയും ലഭിക്കുന്നുണ്ട്. ഒരു ദിവസം 25 കിലോ വരെ പൂ മാർക്കറ്റിലെത്തിക്കാൻ കഴിയുന്നു. കൃഷി ചെലവു കുറവ്, മാർക്കറ്റിൽ ഡിമാൻഡ്, കീഡ രോഗബാധയില്ല എന്നിവയാണ് ചെണ്ടുമല്ലിയുടെ പ്രത്യേകത. വന്യമൃഗങ്ങളേയും കാട്ടുപന്നി അക്രമത്തെയും ഭയപ്പെടാതെ കൃഷിയിറക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |