കോട്ടയം : ശബരി റെയിൽ സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചതോടെ മലയോരമേഖലയുടെ വികസന പ്രതീക്ഷകൾക്ക് വീണ്ടും ജീവൻവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോട്ടയം, എറണാകുളം കളക്ടർമാർക്ക് റെയിൽവേ കത്ത് നൽകി. രണ്ട് ജില്ലകളിലും സ്ഥലമെടുപ്പ് നടപടികൾക്കായി തുറക്കേണ്ട ഓഫീസുകൾ ,ഉദ്യോഗസ്ഥരുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങൾ കളക്ടർമാർ നൽകി. 1996 - 97ലാണ് പാതയ്‌ക്ക് അനുമതി ലഭിച്ചത്. 2001 ഡിസംബർ ഏഴിന് നിർമ്മാണ ഉദ്ഘാടനം നടന്നു. സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപടികൾ മുടങ്ങി. മൂന്നു ജില്ലകളിൽ 2000 ലേറെ ഉടമകളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പൂർത്തിയായത് അങ്കമാലി - കാലടി ഏഴു കിലോമീറ്ററും, കാലടി -പെരുമ്പാവൂർ 10 കിലോമീറ്റർ ലോംഗ് ലീഡ് പ്രവൃത്തികളും മാത്രമാണ്. ഭൂമി ഏറ്റെടുക്കലിനും അലൈൻമെന്റ് നിശ്ചയിക്കുന്നതിലും ജനങ്ങൾ പ്രതിഷേധിച്ചതും കോടതി കേസുകളും പദ്ധതിയ്ക്ക് തടസമായി.
കേന്ദ്രത്തിനും അനൂകൂല നിലപാട്
ശബരിമല വിമാനത്താവളത്തിനൊപ്പം റെയിൽ പദ്ധതിയോടും പ്രധാനമന്ത്രിയും, മറ്റ് ബി.ജെ.പി നേതാക്കളും ഏറെ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പദ്ധതി വീണ്ടും ട്രാക്കിലാകുന്നത്. കോട്ടയത്ത് 120 ഹെക്ടറും എറണാകുളത്ത് 152 ഹെക്ടറും ഇടുക്കിയിൽ 31.64 ഹെക്ടർ അടക്കം 303 ഹെക്ടർ ഭൂമിയാണ് വേണ്ടത്. എറണാകുളത്തും കോട്ടയത്തും രണ്ട് അക്വിസഷൻ യൂണിറ്റുകളും മൂവാറ്റുപുഴ അങ്കമാലി സിവിൽ സ്റ്റേഷനും ആസ്ഥാനമാക്കി രണ്ടു യൂണിറ്റും നൂറോളം ജീവനക്കാരും വേണമെന്നാണ് പ്രാരംഭ വിലയിരുത്തൽ.
3 ജില്ലകൾക്ക് ഗുണം
മലയോര ജില്ലകളിൽ ട്രെയിൻ യാത്രാസൗകര്യം
ടൂറിസത്തിനും ചരക്കുനീക്കത്തിനും ഗുണകരം
പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും തമിഴ്‌നാട്ടിലേക്കും നീട്ടാം
''നേരത്തേ സർവേ നടത്തി കല്ലിട്ടിട്ടുള്ളതിനാൽ സ്ഥലമേറ്റെടുക്കൽ പ്രശ്‌നമാകില്ല. ഭൂമിക്ക് മാർക്കറ്റ് വിലയിലും ഇരട്ടി വരെ റെയിൽവേ നഷ്ടപരിഹാരമായി നൽകും.
-ജനപ്രതിനിധികൾ
ശബരിപാത 1997-98 ൽ അനുവദിച്ചതാണ്. പദ്ധതിയുടെ ചെലവ് 3,801 കോടി രൂപയായി ഉയർത്തി 2023 ഡിസംബറിൽ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും ചെലവ് പങ്കിടാനുള്ള സന്നദ്ധതയ്ക്കും സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. 2024 ആഗസ്റ്റിൽ സമ്മതം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |