പാലക്കാട്: കൂടുതൽ സംസ്ഥാനാന്തര ട്രെയിൻ സർവീസുകൾക്ക് വഴിതുറക്കുന്ന പൊള്ളാച്ചി - കോയമ്പത്തൂർ ബൈപാസ് പദ്ധതി ട്രാക്കിലാകുന്നു. 300 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ടര കിലോമീറ്റർ ബൈപാസ് ട്രാക്ക് പദ്ധതി നിർദേശം ദക്ഷിണ റെയിൽവേ അംഗീകരിച്ചു. ഇതോടെ പാലക്കാട് ഡിവിഷൻ പദ്ധതി സംബന്ധിച്ച തുടർനടപടികളും ആരംഭിച്ചു. പൊള്ളാച്ചി സ്റ്റേഷൻ എത്തുന്നതിന് മുമ്പ്, ആനമലയിൽ നിന്ന് കോവിൽപാളയം, കിണറ്റിൻകടവ്, പോത്തനൂർ വഴിയായിരിക്കും നിർദ്ദിഷ്ട ബൈപാസ് ട്രാക്ക് വരിക. കോവിൽപാളയത്തു പുതിയ റെയിൽവേ സ്റ്റേഷൻ വരും. പൊള്ളാച്ചി വഴിയുള്ള സർവീസുകൾ കൂടാതെ പാലക്കാട് നിന്നു വാളയാർ വഴി കോയമ്പത്തൂർ മേഖലയിലേക്കുള്ള ട്രെയിനുകളും ഭാവിയിൽ ഇതുവഴി തിരിച്ചുവിടാനുള്ള സാദ്ധ്യയുണ്ട്.
വാളയാർ ചുരം മേഖലയിൽ വനത്തിലൂടെ കടന്നുപോകുന്ന ട്രാക്കിലെ നിയന്ത്രണങ്ങൾ വികസനത്തിനു തടസമായതോടെയാണു റെയിൽവേ പുതിയ വഴികൾ തേടിയത്. വർദ്ധിച്ചുവരുന്ന ചരക്കു ഗതാഗതത്തിനും പുതിയ ട്രാക്ക് സഹായമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച് കമ്മിഷൻ ചെയ്ത പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് ട്രെയിൻ അനുവദിക്കാൻ റെയിൽവേ ഇനിയും തയാറായിട്ടില്ല. പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ പോകാതെ ട്രെയിനുകൾക്ക് ഷൊർണൂർ പാതയിൽ എത്താനുള്ള ടൗൺ - പറളി ബൈപാസ് പ്രോജക്ട് റിപ്പോർട്ട് താമസിയാതെ റെയിൽവേ ബോർഡിനു കൈമാറും.
വാളയാർ ചുരം മേഖലയിലെ എ, ബി ട്രാക്കുകളിൽ കയറ്റവും ഇറക്കവും വന്യമൃഗ സാന്നിദ്ധ്യവും മൂലം പകൽ മണിക്കൂറിൽ 75 കിലോമീറ്ററും രാത്രി 45 കിലോമീറ്ററുമായാണ് വേഗ നിയന്ത്രണം. മണിക്കൂറിൽ 110 കിലോമീറ്ററാണു മറ്റിടങ്ങളിലെ വേഗം. റൂട്ടിൽ ഗതാഗതതടസം ഉണ്ടായാൽ പാലക്കാട് ജംഗ്ഷൻ സ്റ്റേഷൻ വരെ കുരുക്കിലാകും. ഇവിടെ മൂന്നാമത്തെ ലൈൻ സ്ഥാപിക്കാൻ സർവേ പൂർത്തിയാക്കിയെങ്കിലും സ്ഥലലഭ്യത പ്രയാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |