കോഴിക്കോട്: വെള്ളക്കെട്ട് ഒഴിവാക്കാൻ മഴമാറിയപ്പോൾ മാനാഞ്ചിറയിൽ തുടങ്ങിയ ഓവുചാൽ നവീകരണം മൂന്നുമാസമായിട്ടും പൂർത്തിയായില്ല. ജൂൺ അവസാനത്തോടെയാണ് കമ്മിഷണർ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച് പട്ടാളപ്പള്ളിക്കു സമീപം മാനാഞ്ചിറ സ്ക്വയർ ഗേറ്റ് എൽ.ഐ.സി റോഡ്, കിഡ്സൺ കോർണർ, സെൻട്രൽ ലൈബ്രറി ജംഗ്ഷൻ വഴി കോംട്രസ്റ്റിനു സമീപത്തെ മാനാഞ്ചിറ സ്ക്വയർ ഗേറ്റ് വരെയുള്ള ഭാഗത്തെ ഓട പൊളിച്ചു മാറ്റി നവീകരണം തുടങ്ങിയത്. ഇതിൽ കമ്മിഷണർ ഓഫീസിന് മുൻവശം മുതൽ സ്പോർട്സ് കൺസിൽ ഹാളിന്റെ ഒരു ഭാഗം വരെ പണി പൂർത്തിയാക്കി ഇന്റർലോക്ക് വിരിച്ചെങ്കിലും ബാക്കിയുള്ള ഭാഗത്തെ നിർമ്മാണത്തിന് ഒച്ചിഴയും വേഗമാണ്. ഈ ഭാഗങ്ങളിൽ ഇന്റർലോക്ക് വിരിക്കാൻ കരാറുകാർ ഓർഡർ നൽകിയതിലെ കാലതാമസമാണ് പ്രവൃത്തി നീളാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഓവുചാലിന്റെ കോൺക്രീറ്റ് സ്ലാബ് മാറ്റി മണ്ണ് നീക്കി ആഴംകൂട്ടിയാണ് പ്രവൃത്തി നടക്കുന്നത്. 50 ലക്ഷം രൂപയാണ് ചെലവ്.
ഫൂട്പാത്ത് ഉൾപ്പെടുന്ന ഓവുചാലിന്റെ പ്രവൃത്തി ഇഴയുന്നതിനാൽ കാൽനടയാത്രക്കാർക്കാണ് ഏറെ ദുരിതം. മിഠായിത്തെരുവിലെത്തുന്നവർക്കും മറ്റും തിരക്കുള്ള റോഡിലൂടെ ട്രാഫിക് നിയന്ത്രിച്ച് നടക്കേണ്ട സ്ഥിതിയാണ്. ഓട്ടോ സ്റ്റാൻഡും ഇവിടെയാണ്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
''നിർമ്മാണ പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുട്ടുണ്ട്. മാനാഞ്ചിറ നവീകരണവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രോജക്ട് ഒരുങ്ങുന്നുണ്ട്. അതിൽ ഓവുചാലുകൾ വീതി കൂട്ടി നിർമ്മിക്കാനുള്ള പദ്ധതിയുണ്ട്'- എസ്.കെ അബൂബക്കർ, വാർഡ് കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |