കോഴിക്കോട്: വടക്കൻ കേരളത്തിന്റെ യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ. വൈകിട്ട് 6.15 മുതൽ രാത്രി 10.45 വരെ കണ്ണൂരേക്ക് സ്ഥിരം യാത്രക്കാർക്ക് ഉപകരിക്കും വിധം ട്രെയിനുകൾ പരിഗണനയിലെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ ഉറപ്പുനൽകി. ഈ സമയത്ത് ട്രെയിൻ ഇല്ലാത്തതിനാൽ വടക്കൻ കേരളത്തിലെ യാത്രക്കാർ ദുരിതം അനുഭവിക്കുകയാണെന്ന വാർത്ത കേരളകൗമുദി നൽകിയിരുന്നു. നിലവിൽ 6.15ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ- കണ്ണൂർ പാസഞ്ചർ എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുംവിധം പുനക്രമീകരിക്കുന്നതിനുള്ള നിവേദനം പാലക്കാട് ഡിവിഷൻ ഓഫീസിൽ നിന്ന് ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് അയച്ചതായാണ് വിവരം. പാസഞ്ചേഴ്സ് അസോസിയേഷനുകൾ നേരത്തെ ഡി.ആർ.എമ്മിന് നിവേദനം നൽകിയിരുന്നു.
@ ലബാറിൽ ഓടുന്നത് ഒരു മെമു
മെമുവിന്റെ കാര്യത്തിലും ദക്ഷിണ റെയിൽവെ മലബാറിനോട് അവഗണന തുടരുകയാണ്. ഇതുവരെ കേരളത്തിന് അനുവദിച്ച 14 മെമുകളിൽ ഷൊർണ്ണൂർ- കണ്ണൂർ മെമു മാത്രമാണ് മലബാറിലൂടെ സർവീസ് നടത്തുന്നത്. വേഗതയുടെ കാര്യത്തിലും സമയക്രമം പാലിക്കുന്നതിലും മെമു മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമാണ്. മാത്രമല്ല ലോഫ്ലോർ ബസ് മാതൃകയിൽ ഹാൻഡിലുകളുള്ളതിനാൽ നിൽക്കുന്നവർക്കും മെമു അനുഗ്രഹമാണ്.
@ദീപാവലി സ്പെഷ്യൽ ട്രെയിൻ ഇല്ല
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ നിരവധി സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും തമിഴ്നാടും കർണാടകയും കടന്ന് ഒന്നും ഇതുവരെ കേരളത്തിലേക്ക് അനുവദിച്ചിട്ടില്ല. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവം നടക്കുമ്പോൾ കേരളത്തോടുള്ള അവഗണന ചർച്ചയാവുകയാണ്.
@കമ്പാർട്ട്മെൻറുകൾ
വർദ്ധിപ്പിച്ചാൽ ആശ്വാസം
മലബാറിലേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേയ്ക്ക് സാങ്കേതികമായ തടസങ്ങളുണ്ടെങ്കിലും നിലവിലുള്ള ട്രെയിനുകളിലെ ബോഗികൾ കൂട്ടാൻ തടസങ്ങളൊന്നുമില്ല. നിലവിൽ യശ്വന്ത്പൂർ എക്സ്പ്രസിന് 18 കോച്ചുകളാണുള്ളത്. ഇത് 28 കോച്ചുകൾ വരെയാക്കാവുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. പരശുറാം എക്സ്പ്രസിന് 23 കോച്ചുകളാണുള്ളത്. ഇതിനും മൂന്നോ നാലോ കോച്ചുകൾ വർദ്ധിപ്പിക്കാവുന്നതാണ്.
@പിറ്റ് ലൈനിൽ ആശയക്കുഴപ്പം
മലബാറിന് അനുവദിച്ച പിറ്റ് ലൈൻ എവിടെ വേണമെന്ന കാര്യത്തിൽ കോഴിക്കോട്, കണ്ണൂർ എം.പിമാർ തമ്മിൽ തർക്കം തുടരുകയാണ്. ആദ്യം നിങ്ങൾ പിറ്റ് ലൈൻ എവിടെ വേണമെന്ന കാര്യത്തിൽ ഒരു ഏകോപനമുണ്ടാക്കൂ എന്നാണ് റെയിൽവേ പറയുന്നത്.
'വടക്കൻ മലബാറിലെ യാത്രക്കാരുടെ പ്രയാസം റെയിൽവേ ഗൗരവത്തിലെടുക്കും'. പി.ആർ.ഒ പാലക്കാട് ഡിവിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |