കൊല്ലം: ഇരവിപുരം കാരിക്കുഴി വിളക്കുമരം പാലത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനും അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിനുമായി 1.60 കോടിയുടെ അനുമതി. രണ്ടര വർഷമായി നാടിനെ കൊഞ്ഞനംകുത്തും വിധം കിടക്കുന്ന ഭാഗത്തിന് ഇതോടെ ശാപമോക്ഷമാവും.
ഇരവിപുരത്ത് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുത്ത് നൽകുമെന്ന, കോർപ്പറേഷനുമായുള്ള ധാരണയിലാണ് പൊതുമരാമത്ത് വകുപ്പ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ പാലം നിർമ്മാണം ആരംഭിച്ചത്. പാലത്തിന്റെ നിർമ്മാണം 2023ൽ 90 ശതമാനത്തോളം എത്തിയെങ്കിലും സ്ഥലം ഏറ്റെടുത്ത് നൽകിയില്ല. അടുത്തിടെ കോർപ്പറേഷൻ സ്വകാര്യ ഭൂമി ഏറ്റെടുത്തു. ഇതോടെയാണ് ശേഷിക്കുന്ന പ്രവൃത്തികൾക്കായി പണം അനുവദിച്ചത്.
ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ളാറ്റിന് മുന്നിലൂടെയുള്ള ഇടക്കുന്നം റോഡിനേയും മയ്യനാട് പഞ്ചായത്തിലെ വലിയവിള റോഡിനെയും കൂട്ടിയോജിപ്പിച്ചുള്ള ഈ പാലത്തിലൂടെ നിലവിൽ ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അപ്രോച്ച് റോഡില്ലാത്തതിനാൽ വലിയ വാഹനങ്ങൾക്ക് പാലത്തിൽ പ്രവേശിക്കാനാകില്ല. നിലവിൽ കാരിക്കുഴി തോടിന്റെ ഇരുകരകളിലുമുള്ള വാഹനയാത്രക്കാർക്ക് ഏഴ് കിലോ മീറ്ററിലേറെ ചുറ്റി താന്നി മുക്കിലെ കൂട്ടിക്കടയിലോ എത്തി വേണം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകാൻ. പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരുവശങ്ങളിലും ഉള്ളവർക്ക് വേഗത്തിൽ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകാനാകും.
പൊളിച്ചത് മൂന്നു പതിറ്റാണ്ടു മുമ്പ്
നോക്കുകുത്തിയായി നിൽക്കുന്ന പാലത്തിൽ നിന്ന് ഏകദേശം പത്ത് മീറ്റർ അകലെ പണ്ട് ഓട്ടോറിക്ഷയ്ക്ക് കടന്നുപോകാവുന്ന വീതിയുള്ള പാലമുണ്ടായിരുന്നു. കൂടുതൽ വീതിയും ഉറപ്പുമുള്ള പുതിയ പാലം നിർമ്മിക്കാനായി 30 വർഷം മുൻപ് ഈ പാലം പൊളിച്ചുനീക്കി. പക്ഷെ നടപടികൾ നീണ്ടു. ജനരോക്ഷം ശക്തമായതോടെ ഇരവിപുരം, മയ്യനാട് പഞ്ചായത്തുകൾ സംയുക്തമായി ഇവിടെ നടപ്പാലം നിർമ്മിച്ചു. പുതിയ പാലമെന്ന ആശയം വീണ്ടും പലതവണ ഉയർന്നെങ്കിലും വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം നീണ്ടു പോവുകയായിരുന്നു.
ഇരവിപുരത്തെയും മയ്യനാടിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാലമാണിത്. പാലം തുറക്കാത്തതിനാൽ നൂറുകണക്കിനാളുകളാണ് ദുരിതം അനുഭവിക്കുന്നത്. അപ്രോച്ച് റോഡുകൾ വേഗത്തിൽ നിർമ്മിച്ച് വിളക്കുമരം പാലം എത്രയും വേഗം ഗതാഗതത്തിനായി തുറന്നുനൽകണം
ആർ.എസ്. അബിൻ (മയ്യനാട് പഞ്ചായത്ത് അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |