ആലുവ: പ്രീഡിഗ്രി പഠന ശേഷം വഴിപിരിഞ്ഞ രണ്ട് കൂട്ടുകാർ 57 വർഷങ്ങൾക്ക് ശേഷം ആലുവ അദ്വൈതാശ്രമ മുറ്റത്ത് വീണ്ടു കണ്ടുമുട്ടി. ആലുവ ഫെഡറൽ ഗാർഡനിൽ താമസിക്കുന്ന അഭിഭാഷകനായ ടി.എം.വി. തമ്പിയും നായരമ്പലം സ്വദേശി പി.എസ്. റോയിയുമാണ് ജീവിതത്തിന്റെ സായാഹ്നത്തിൽ വീണ്ടും കണ്ടുമുട്ടി പഴയ ഓർമ്മകൾ പങ്കുവച്ചത്. യാദൃച്ഛികമായി റോയിയുടെ സഹോദരനുമായുള്ള കണ്ടുമുട്ടലാണ് വർഷങ്ങളായുള്ള തമ്പിയുടെ അന്വേഷണങ്ങൾക്ക് ഫലം പ്രാപ്തിയിലേക്കെത്തിച്ചത്.
ആകസ്മികമായ കണ്ടുമുട്ടൽ
1966ൽ മാല്യങ്കര എസ്.എൻ.എം. കോളേജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ഇരുവരും പിരിയുമ്പോൾ മൊബൈൽ ഫോണുകളോ ലാൻഡ് ഫോണുകളോ ഇല്ലാത്ത കാലം. മൂന്നാഴ്ച മുമ്പ് ഗുരുദേവ ജയന്തിയുടെ ഭാഗമായി അദ്വൈതാശ്രമത്തിലെത്തിയ തമ്പി യാദൃച്ഛികമായി റോയിയുടെ അനുജൻ പി.എസ്. ഭ്രൂണനെ പരിചയപ്പെട്ടു. താൻ പഠിച്ച റോയി എന്ന സുഹൃത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ ജ്യേഷ്ഠനെക്കുറിച്ചാണ് തിരക്കുന്നതെന്ന് ഭ്രൂണന് മനസിലായി. തുടർന്ന് ഭ്രൂണനിൽ നിന്ന് ഫോൺ നമ്പർ വാങ്ങി തമ്പി റോയിയുമായി ബന്ധപ്പെടുകയായിരുന്നു.
'യഥാർത്ഥ റോയി'യെ തേടി
ഫോണിലൂടെ സൗഹൃദം പുതുക്കിയ ശേഷം ഇന്നലെ രാവിലെ അദ്വൈതാശ്രമത്തിൽ വച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. കാലങ്ങളായി തടി കുറഞ്ഞ ഒരാളായി മാത്രം ഓർമ്മയിലുണ്ടായിരുന്ന റോയിയെയാണ് തമ്പി പ്രതീക്ഷിച്ചത്. ആശ്രമത്തിലെത്തിയ ഒരാളോട് റോയിയാണോ എന്ന് തമ്പി ചോദിക്കുന്നത് യഥാർത്ഥ റോയിയും കുടുംബവും കേട്ടുകൊണ്ടാണ് അവിടെയെത്തിയത്. ആ നിമിഷം ഇരുവരും പഴയകാല ഓർമ്മകളിലേക്ക് തിരികെപ്പോയി.
പ്രീഡിഗ്രിക്ക് ശേഷം എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസിൽ ജോലിയിൽ പ്രവേശിച്ച തമ്പി പിന്നീട് പി.എസ്.സി എഴുതി ഹൈക്കോടതി ജീവനക്കാരനായി. ഇതിനിടെ നിയമബിരുദവും നേടി. നിലവിൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ്. ഭാര്യ രാധയും രണ്ട് മക്കളും ഒരു പേരക്കുട്ടിയുമുണ്ട്. എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖാ കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.
പി.എസ്. റോയി 2006ൽ കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചു. നാട്ടിലെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ ടാജി റോയി രണ്ട് തവണ നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യക്കും മകനും മരുമകൾക്കുമൊപ്പം റോയിയും സുഹൃത്തിനെ കാണാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |