കോഴിക്കോട്: കല്ലുത്താൻകടവിൽ ആധുനിക രീതിയിലൊരുങ്ങുന്ന മാർക്കറ്റിലേക്ക് പാളയം പഴം- പച്ചക്കറി മാർക്കറ്റ് മാറ്റാനുള്ള പ്രവർത്തനം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും പാളയം വിട്ടുപോവില്ലെന്ന നിലപാടിലുറച്ച് വ്യാപാരികൾ. 30ന് പാളയം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകളടച്ച് പണിമുടക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും തൊഴിലാളികളും. കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. മാർച്ചിൽ വ്യാപാരികളുടെ കുടുംബങ്ങളും അണിനിരക്കും.
കല്ലുത്താൻകടവിൽ വാഹനങ്ങൾ എത്തുന്നതിനും മറ്റും മതിയായ സൗകര്യമില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. വ്യാപാരികളെ ബോധവത്ക്കരിക്കുന്നതിന് പലതവണ കോർപറേഷൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. പാളയം മാർക്കറ്റിലെ 153 വ്യാപാരികൾക്ക് കല്ലുത്താൻ കടവിൽ വാടക ഇളവ് നൽകാനാണ് ധാരണ. 100 സ്ക്വയർഫീറ്റിന് പ്രതിമാസം 8000 രൂപയിലധികം വരും. മറ്റുള്ളവർക്ക് ഇത് 12,000വും അതിനു മുകളിലുമാണ്. അഡ്വാൻസ് നൽകുന്നതിലും പാളയത്തെ വ്യാപാരികൾക്ക് ചെറിയ ഇളവ് നൽകുമെങ്കിലും പാളയത്ത് നൽകുന്നതിന്റെ ഇരട്ടിയിലധികമാണെന്നാണ് വ്യാപാരികൾ പറയുന്നത്.
നിർമാണം അതിവേഗം
മാർക്കറ്റിന്റെ പ്രവൃത്തി 90ശതമാനം പൂർത്തിയായി. വയറിംഗ് പ്രവൃത്തികൾ, നിലം ഒരുക്കൽ, സാനിറ്ററി സജ്ജീകരണങ്ങൾ ഒരുക്കൽ, പെയിന്റിംഗ് എന്നിവയാണ് നടക്കുന്നത്. കിഴക്കുവശത്ത് കനാലിനോടു ചേർന്ന് ഉന്തുവണ്ടി തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള നിർമാണവും നടന്നുവരികയാണ്. അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് കല്ലുത്താൻ കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ്(
കാഡ്കോ) കെട്ടിടം നിർമ്മിച്ചത്. മാർക്കറ്റിലേക്ക് വാഹനങ്ങളെത്തുന്നതിന് ജംഗ്ഷൻ വീതി കൂട്ടേണ്ടത് ആവശ്യമാണ്. ഇതിനായി ബൈപാസ് ജംഗ്ഷനും പുതിയപാലം റോഡിനുമിടയിലെ 18 സെന്റ് പുറമ്പോക്ക് സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. നിലവിൽ പെയിന്റിംഗ് ജോലി കൾ പുരോഗമിക്കുകയാണ്. മുന്നൂറിലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികൾ മാത്രമാണ് പാളയം മാർക്കറ്റിലുള്ളവർക്കു നൽകുക. കടമുറികൾ ഏതെല്ലാം കച്ചവടക്കാർക്ക് നൽകണമെന്ന് തീരുമാനിക്കാൻ 30ന് നറുക്കെടുപ്പ് നടത്താനൊരുങ്ങുകയാണ് കോർപറേഷൻ.
പ്രധാന റോഡിൽ നിന്ന് കയറിവരുന്ന ഒന്നാംനിലയിലടക്കമുള്ള മറ്റു കടമുറികൾ മറ്റു കച്ചവടങ്ങൾക്കായി വ്യാപാരികൾക്ക് വാടകയ്ക്ക് കൊടുക്കാനാണ് കാഡ്‌കോ തീരുമാനം. 40 ഉന്തുവണ്ടി കച്ചവടക്കാരും എൺപതോളം തട്ടുകടക്കാരും പാളയത്തുണ്ട്. അവരെയെല്ലാം മാർക്കറ്റിലേക്ക് മാറ്റും.ശീതീകരിച്ച സംവിധാനവും ഉണ്ട്. വിശ്രമകേന്ദ്രം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
2005ലാണ് കല്ലുത്താൻകടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്ലാറ്റ് നിർമിച്ച് മാറ്റാനും ഈ സ്ഥലത്ത് പുതിയ പ ഴം-പച്ചക്കറി മാർക്കറ്റ് പണിയാനും തീരുമാനിച്ചത്. 2009ൽ തറക്കല്ലിട്ടു. 35.5 വർഷത്തേക്ക് പഴം-പച്ചക്കറി മാർക്കറ്റിന്റെയും അനുബന്ധ കെ ട്ടിടങ്ങളുടെയും നടത്തിപ്പ് ചുമതല കാഡ്കോയ്ക്കാണ്. ഇന്നലെ മാർക്കറ്റിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിൽ 104 കയറ്റിറക്ക് തൊഴിലാളികളാണ് പങ്കെടുത്തത്. റെസ്റ്റിംഗ് റൂം, പാർക്കിംഗ് സൗകര്യം, കുടിവെള്ള സജ്ജീകരണം, കൊടിമരം സ്ഥാപിക്കാൻ ഇടം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
'' ഈ മാസം 30ന് മുമ്പു തന്നെ കാഡ്കോയോട് പ്രവൃത്തികളെല്ലാം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത മാസം തുടക്കത്തിൽ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്''- പി.കെ നാസർ- വാർഡ് കൗൺസിലർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |