പാലക്കാട്: ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ നടപടികൾ പാലക്കാട് ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ 45 വില്ലേജുകളിലാണ് സർവേ പരോഗമിക്കുന്നത്. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സർവെ പ്രവർത്തനങ്ങൾ. സർവ്വെ നടപടികൾ പൂർത്തിയാക്കിയ വില്ലേജുകളിൽ, ഭൂമിയുടെ അതിരുകളും അളവുകളും രേഖപ്പെടുത്തിയ ഡ്രാഫ്റ്റ് രേഖകൾ സെക്ഷൻ 9(2) പ്രകാരം പൊതുജനങ്ങളുടെ പരിശോധനയ്ക്കായി പ്രദർശിപ്പിക്കും. ഇതിൽ പരാതികളില്ലെങ്കിൽ, സെക്ഷൻ 13 പ്രകാരം അന്തിമ വിജ്ഞാപനം പുറത്തിറങ്ങും. ഒന്നാം ഘട്ടത്തിൽ മണ്ണാർക്കാട്, പട്ടാമ്പി താലൂക്കുകളിലെ 14 വില്ലേജുകളിൽ സർവ്വെ ആരംഭിച്ചതിൽ തിരുമിറ്റക്കോട്1, തിരുമിറ്റക്കോട്2, തച്ചനാട്ടുകര1, തച്ചനാട്ടുകര2, അലനല്ലൂർ1, അലനല്ലൂർ2, കോട്ടോപ്പാടം2, കോട്ടോപ്പാടം3 എന്നീ വില്ലേജുകളിലെ സെക്ഷൻ 13 പ്രസിദ്ധീകരണത്തിനുള്ള ജോലികൾ പൂർത്തിയായി. മറ്റ് വില്ലേജുകളിൽ സെക്ഷൻ 9(2) പ്രദർശനവും പൂർത്തിയായിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ വിവിധ താലൂക്കുകളിലായി 15 വില്ലേജുകളിലാണ് സർവ്വെ പരോഗമിക്കുന്നത്. പാലക്കാട് താലൂക്കിലെ കോങ്ങാട്1, ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം1 എന്നീ വില്ലേജുകളിലെ സെക്ഷൻ 13 നടപടികൾ പൂർത്തിയായി. കണ്ണാടി1, അകത്തേത്തറ, നെന്മാറ, ചാലിശ്ശേരി, കുത്തനൂർ1, ആലത്തൂർ താലൂക്കിലെ വണ്ടാഴി1 എന്നീ വില്ലേജുകളിലെ സർവെ പൂർത്തിയാക്കി. മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 16 വില്ലേജുകളിൽ ഏഴെണ്ണത്തിൽ സർവ്വെ പരോഗമിക്കുകയാണ്. ഡിജിറ്റൽ റീസർവ്വെ പൂർത്തിയാകുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളിലും കൈമാറ്റ നടപടികളിലും സുപ്രധാനമായ മാറ്റങ്ങൾ ഉണ്ടാകും. സർക്കാർ ആരംഭിച്ച എന്റെ ഭൂമി പോർട്ടലിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനായി ലഭിക്കും. റവന്യൂ, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഏകീകൃത ഓൺലൈൻ സംവിധാനത്തിലൂടെ ലഭിക്കുന്നത് നടപടിക്രമങ്ങൾ ലളിതമാക്കും. ഈ ഡിജിറ്റൽ രേഖകൾ അതിർത്തി തർക്കങ്ങൾ പരിഹരിക്കാനും ഭൂമി വാങ്ങമ്പോഴും വിൽക്കമ്പോഴും കബളിപ്പിക്കപ്പെടാതിരിക്കാനും സഹായകമാകും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ലൊക്കേഷൻ സ്‌കെച്ച് പോലുള്ള രേഖകൾക്ക് ഫീൽഡ് പരിശോധന ഒഴിവാക്കാനും ഇത് ഉപകാരപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |