പുറത്തു നിന്ന് വരുന്ന ലോറികൾ - 400 ലധികം
പുറത്തേക്ക് പോകുന്ന ലോറികള്‍ - 250
നിലവിലുള്ള ലോറി സ്റ്റാന്‍ഡിലെ സൗകര്യം - 30 ലോറികൾക്ക്
കോഴിക്കോട്: ഉത്തരം കിട്ടാത്ത ചോദ്യമായി മാറി നഗരത്തിലെ ലോറി പാർക്കിംഗ് പ്രശ്നം. പാര്‍ക്കിംഗിന് സൗകര്യമില്ലാത്തതിനാല്‍ ചരക്കുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറിക്കാര്‍ വലയുന്നത് തുടർക്കഥയാവുകയാണ്. ഇവര്‍ക്ക് പാര്‍ക്കിംഗിനോ പ്രാഥമിക സൗകര്യം നിര്‍വഹിക്കാനോ സൗകര്യമില്ല. ലോറി സ്റ്റാന്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് ലോറി ഉടമകളും തൊഴിലാളികളും പലതവണ സമരം നടത്തിയിട്ടും കോര്‍പറേഷന്‍ നടപടിയിലേക്ക് കടന്നിട്ടില്ല.
നേരത്തെ ലോറികള്‍ സൗത്ത് ബീച്ചില്‍ റോഡരികില്‍ പാര്‍ക്കു ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍, സൗത്ത് ബീച്ച് നവീകരിച്ചതോടെ സ്ഥിതിമാറി. അവിടെ റോഡരികില്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് വിലക്കി. പാര്‍ക്കുചെയ്യുന്ന ലോറികളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കാന്‍ തുടങ്ങി. ഇതുകാരണം ലോറിക്കാരും പൊലീസും തമ്മിലുള്ള തര്‍ക്കവും ഇവിടെ പതിവാണ്. ഇപ്പോള്‍ വെസ്റ്റ്ഹില്‍ കോന്നാട് ബീച്ചില്‍ മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.
കോഴിക്കോട്ടേക്ക് വരുന്നത്
ഭക്ഷ്യധാന്യങ്ങള്‍ - ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര
സിമെന്റും കമ്പിയും - കര്‍ണാടക, തമിഴ്നാട്
പച്ചക്കറി - തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്
കോഴിക്കോട്ട് നിന്ന് പോകുന്നത്
തേങ്ങ, പച്ചത്തേങ്ങ, റബ്ബര്‍ വുഡ്, അടയ്ക്ക, മലഞ്ചരക്ക് - യുപി, മഹാരാഷ്ട്ര
പ്രാദേശിക ലോറികൾ
പ്രധാന ഹബ്ബ് - പാളയം മാർക്കറ്റ്
"ലോറി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നൂറുകണക്കിനു ജീവനക്കാരും ആയിരകണക്കിനു കുടുംബങ്ങളും കഴിയുന്നുണ്ട്. ലോറി പാര്‍ക്കിംഗിനു സ്ഥലം കണ്ടെത്തുന്നതിനു പ്രധാന തടസം നാട്ടുകാരുടെ എതിര്‍പ്പാണ്. ലോറി ഡ്രൈവര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണന്നുള്ള തെറ്റായ പ്രചാരണത്തെ തുടര്‍ന്നാണ് ഈ എതിര്‍പ്പ്. പുതിയ സ്ഥലം കണ്ടെത്തുമ്പോള്‍ എതിര്‍പ്പുമായി നാട്ടുകാര്‍ സംഘടിക്കുന്നതോടെ അതു വിഫലമാകുകയാണ്. ലോറി വ്യവസായത്തിന്റെ നിലനില്‍പ്പിനു സ്റ്റാന്‍ഡ് അനിവാര്യമാണ്. അധികൃതരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയശേഷം സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം"
എന്‍.കെ.സി ബഷീര്‍, ജില്ലാ വൈസ് പ്രസിഡൻറ്, ലോറി ഓണേഴ്സ് അസോസിയേഷന്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |