കോഴിക്കോട്: സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് നിന്നും എയിംസ് വരേണ്ട സ്ഥലമായി കേന്ദ്രത്തിന് നൽകിയ ഒരേ ഒരു പേര് കോഴിക്കോട് കിനാലൂരാണെന്നുള്ള കേരളകൗമുദി വാർത്തയിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കൾ. എം.കെ രാഘവൻ എംപി, മുൻ എം.പിയും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം എന്നിവരാണ് പ്രതികരണം നടത്തിയത്. ബി.ജെ.പി നേതാക്കൾ പ്രതികരിക്കാൻ തയ്യാറായില്ല.
എയിംസ്: പരിഗണിക്കേണ്ടത് കോഴിക്കോടിനെ; എം.കെ. രാഘവൻ എം.പി
കേരളത്തിന്റെ ദീർഘകാല ആവശ്യമാണ് എയിംസെന്നും. ആരോഗ്യരംഗത്തെ ത്രിതല സംവിധാനങ്ങളുടെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്ന മലബാറിന്, പ്രത്യേകിച്ച് കോഴിക്കോടിന് എയിംസ് അനിവാര്യമാണെന്നും എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. എയിംസിനായി സംസ്ഥാന സർക്കാർ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ കിനാലൂരിൽ സ്ഥലം കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ട് വർഷങ്ങളായി. കോഴിക്കോട് കിനാലൂരിൽ എയിംസിനായി 151.58 ഏക്കർ ഭൂമി ഇതിനകം ഏറ്റടുത്തു; 100 ഏക്കർ ഭൂമിയുടെ ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. പത്തു വർഷത്തിലധികമായി എയിംസ് എന്ന ആവശ്യം നിരന്തരം താൻ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ കേന്ദ്ര പ്രഖ്യാപനം ഉണ്ടായിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാർലമെന്റിൽ താനുയർത്തിയ വിഷയത്തിന് മറുപടിയായി, പി.എം.എസ്.എസ്.വൈ. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കേരളത്തെ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായും എം.പി വ്യക്തമാക്കി.
കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധം ഉയരണം: എളമരം കരീം
സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ബഹുജന പ്രതിഷേധം ഉയരണമെന്ന് മുൻ എം.പി എളമരം കരീം. നിരന്തര പരിശോധനയുടെ ഭാഗമായാണ് കിനാലൂരിൻറെ പ്രൊപ്പോസൽ സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. എന്നാൽ കേന്ദ്രസർക്കാർ മൗനം തുടരുകയാണ്. ബി.ജെ.പി നേതാക്കൾ പ്രാദേശിക തർക്കം സൃഷ്ടിച്ച് എയിംസ് കേരളത്തിന് നഷ്ടപ്പെടുത്താൻ ഗൂഢാലോചന നടത്തുകയാണ്. കേരളത്തിൻറെ ഗൗരവ പ്രശ്നമായി എയിംസിനെ അവർ കാണുന്നില്ല. 2012ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗാണ് കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. 13 വർഷമായിട്ടും ഒന്നും നടന്നില്ല. കോൺഗ്രസും ഇതിൽ മറുപടി പറയണമെന്ന് കരീം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |