മലപ്പുറം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അജൈവമാലിന്യങ്ങളോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല മാലിന്യമുക്ത നവകേരളം കാമ്പെയിൻ സെക്രട്ടേറിയറ്റ് അവലോകനയോഗത്തിൽ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയിൽ പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂർ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ യോഗം ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യും. എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ മാലിന്യ സംസ്‌കരണ രംഗത്ത് ജില്ല നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ജില്ലയിൽ ആരംഭിച്ച ഇലക്ട്രോണിക് മാലിന്യ ശേഖരണം ഏഴ് നഗരസഭകളിൽ കൃത്യമായി നടക്കുന്നതായി യോഗം വിലയിരുത്തി. ഇ- മാലിന്യങ്ങൾ തിരിച്ചറിഞ്ഞു ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൂടുതൽ പരിശീലനം നൽകാൻ നടപടികൾ സ്വീകരിക്കും. മലപ്പുറം നഗരസഭയ്ക്ക് കീഴിൽ വർഷങ്ങളായി മാലിന്യങ്ങൾ തള്ളിയ ഇൻകെൽ വ്യവസായ പാർക്കിന് സമീപമുള്ള പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് പൂർവസ്ഥിതിയിലേക്ക് മാറ്റിയ സ്ഥലം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ജോയിന്റ് ഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എൽ എസ് ജി ഡി ജോയിൻ ഡയറക്ടർ, കില റിസോഴ്സ് പേഴ്സൺ , മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വമിഷൻ ,കുടുംബശ്രീ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാർ, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |