ജയ്പൂർ: ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ അഞ്ചു പേർ മരിച്ചതിനു പിന്നാലെ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ രാജസ്ഥാനിൽ ജോധ്‌പൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ത്രിതല സുരക്ഷ ഏർപ്പെടുത്തിരിക്കുന്ന ജയിലാണിത്. സിസിടിവി ക്യാമറകളാൽ ചുറ്റപ്പെട്ട സോളിറ്ററി സെല്ലിലാണ് വാങ്‌ചുക് ഉള്ളതെന്നാണ് റിപ്പോർട്ട്.
ഇന്നലെ അറസ്റ്റിലായ ഉടൻ വാങ് ചുക്കിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്നാണ് ജയിലിലേക്ക് എത്തിച്ചത്. അനുയായികളുടെ പ്രതിഷേധവും തുടർന്നുണ്ടായേക്കാവുന്ന അക്രമസംഭവങ്ങളും ഒഴിവാക്കാണ് അദ്ദേഹത്തെ ജോധ്പൂരിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്. കനത്ത സുരക്ഷയിൽ പ്രത്യേക വിമാനത്തിലാണ് വാങ്ചുക്കിനെ രാജസ്ഥാനിൽ എത്തിച്ചത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടൻ സൽമാൻ ഖാൻ, ബലാത്സംഗ കുറ്റാരോപിതനായ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു തുടങ്ങി നിരവധിപേരെ ഇവിടെ പാർപ്പിച്ചിരുന്നു. നിലവിൽ 1,400 തടവുകാരാണ് ഈ ജയിലിലുള്ളത്.
അതിനിടെ, വാങ്ചുക്കിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നുരാവിലെ വിജയ്‌പാൽ എന്നയാൾ ജയിലിനുമുന്നിൽ നിരാഹാരം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ജയിലിനുമുന്നിൽ നിന്ന് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചാൽ നിരാഹാരം നടത്തുമെന്നായിരുന്നു അയാലുടെ ഭീഷണി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് ഡി.ജി.പി സിംഗ്‌ജാംവാളിന്റെ നേതൃത്വത്തിലാണ് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. നേപ്പാളിലെ ജെൻ സീ പ്രതിഷേധമടക്കം പരാമർശിച്ച് വാങ്‌ചുക്ക് നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.
വാങ്‌ചുക്കുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനയായ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഒഫ് ലഡാക്കും അദ്ദേഹം സ്ഥാപിച്ച ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്കും (എച്ച്.ഐ.എ.എൽ) വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നുണ്ട്.
പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ലേ അപെക്സ് ബോഡി (എൽ.എ.ബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നും നാളെയും ഡൽഹിയിൽ നടത്താനിരുന്ന ചർച്ച സെപ്‌തംബർ 29 ലേക്ക് മാറ്റി. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നാല് പേരുടെ സംസ്കാര ചടങ്ങുകൾ കണക്കിലെടുത്താണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |