കോഴിക്കോട്: കേരളത്തിന് അനുവദിക്കുന്ന എയിംസ് കോഴിക്കോട് തന്നെ വരാനുള്ള സാദ്ധ്യതകൾ തുറക്കുന്നു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് നൽകിയ പ്രൊപ്പോസൽ കോഴിക്കോട് കിനാലൂരാണെന്ന കാര്യം കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ കേരളത്തിന് കൃത്യസമയത്ത് ശരിയായ സ്ഥലത്ത് എയിംസ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. കൊല്ലത്ത് നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഉറപ്പ്. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് കേന്ദ്രം എയിംസ് അനുവദിക്കുന്നതാണ് രീതി. ഭൂമിയേറ്റെടുക്കൽ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണ്. കേന്ദ്രത്തിന് എന്തെങ്കിലും നിർദ്ദേശമുണ്ടെങ്കിൽ സംസ്ഥാനത്തെ അറിയിക്കുകയും ചെയ്യും. എയിംസിന് വേണ്ട മാനദണ്ഡങ്ങൾ പാലിക്കണമെന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ആവശ്യം. നിലവിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കിനാലൂരിനെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിലേക്ക് വെക്കുന്നത്.
@ ഉറപ്പിച്ച് വീണാജോർജ്
ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന നിർദ്ദേശമാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിവാദങ്ങളിലും തർക്കങ്ങളിലും തട്ടി എയിംസ് കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ ആവശ്യത്തോട് അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പാണ് ഏതാനും നാളുകൾക്ക് മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് കിട്ടിയത്. പദ്ധതി കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണ് അവസാനം അറിയിച്ചതെന്നും രാഷ്ട്രീയ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
@കോഴിക്കോടിന് വേണ്ടി ഉഷ ഇറങ്ങി
കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പി.ടി ഉഷ എംപി രാജ്യസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ എയിംസിനായി 153.46 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കിനാലൂരിൽ എയിംസ് സ്ഥാപിച്ചാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും അതിന്റെ ഗുണം ലഭിക്കും. കിനാലൂരിലെ കാലാവസ്ഥയും എയിംസിന് ഗുണകരമാണ്. ആരോഗ്യ സുരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് നരേന്ദ്രമോദിയും കേന്ദ്രസർക്കാരും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നും പി.ടി ഉഷ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |