കൊച്ചി: വൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് പ്രവാസി പ്രൊഫഷണലുകളുടെ പിന്തുണ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസി പ്രൊഫഷണലുകളുടെ സഹകരണം ഉറപ്പാക്കുക, ലഭിക്കുന്ന നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുക, കേരളത്തിന്റെ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്ന ബ്രാൻഡ് അംബാസഡർമാരായി പ്രവാസി പ്രൊഫഷണലുകളെ ഉപയോഗിക്കുക എന്നിവയാണ് മീറ്റിന്റെ സുപ്രധാന ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് മേഖലകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകളാണ് മീറ്റിന്റെ ഭാഗമാകുന്നത്. ആരോഗ്യം, ഭാവി സാങ്കേതിക വിദ്യ, സസ്റ്റെയ്‌നബിലിറ്റി ആൻഡ് ക്ലൈമറ്റ് റെസിലിയൻസ്, വിദ്യാഭ്യാസം, സോഷ്യൽ ഇന്നവേഷൻ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളാണ് മീറ്റിൽ ചർച്ച ചെയ്തത്.
മന്ത്രിമാരായ പി.രാജീവ്, വീണാ ജോർജ്, വി.ശിവൻകുട്ടി, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ വി.കെ. രാമചന്ദ്രൻ, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ഡയറക്ടർ ഒ.വി. മുസ്തഫ, നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ തുടങ്ങിയവർ സംസാരിച്ചു.
ഐ.ടി കയറ്റുമതി
ഒരു ലക്ഷം കോടിയിലേക്ക്
കേരളത്തിൽ നിന്നുള്ള ഐ.ടി കയറ്റുമതി 2016ൽ 34123 കോടി രൂപയായിരുന്നത് ലക്ഷം കോടിയിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്ത് ഉത്പാദനക്ഷമമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ കേരള സ്‌പേസ് പാർക്ക് (കെ സ്‌പേസ്) പ്രവർത്തനം ആരംഭിച്ചു. മൂന്നര ഏക്കർ ഭൂമിയിൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി നബാർഡ് സഹായത്തോടെ 241 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |