വാഷിംഗ്ടൺ: കൊളംബിയയുടെ പ്രസിഡന്റ് ഗുസ്‌താവോ പെട്രോയുടെ വിസ റദ്ദാക്കി യു.എസ്. വെള്ളിയാഴ്ച ന്യൂയോർക്കിലെ തെരുവിൽ നടന്ന പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത പെട്രോ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവുകൾ ധിക്കരിക്കണമെന്ന് അമേരിക്കൻ സൈനികരോട് ആഹ്വാനം ചെയ്തതാണ് കാരണം.
പെട്രോയുടെ പ്രസ്താവന വീണ്ടുവിചാരം ഇല്ലാത്തതും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. മാൻഹട്ടണിലെ യു.എൻ ആസ്ഥാനത്തിന് പുറത്ത് ഒത്തുകൂടിയ പാലസ്തീൻ അനുകൂലികളെയാണ് പെട്രോ അഭിസംബോധന ചെയ്തത്.
പാലസ്തീനികളെ മോചിപ്പിക്കുന്നതിന് ഒരു ആഗോള സായുധ സേന വേണമെന്നും, അത് യു.എസിനേക്കാൾ വലുതായിരിക്കണമെന്നും പെട്രോ പറഞ്ഞു. 'അമേരിക്കൻ ആർമിയിലെ എല്ലാ സൈനികരോടും ഞാൻ ആവശ്യപ്പെടുകയാണ്. ആളുകൾക്ക് നേരെ നിങ്ങൾ തോക്ക് ചൂണ്ടരുത്. ട്രംപിന്റെ ആജ്ഞകൾ അനുസരിക്കരുത്. മനുഷ്യരാശിയുടെ ആജ്ഞകൾ അനുസരിക്കൂ..." പെട്രോ സ്‌പാനിഷിൽ ആഹ്വാനം ചെയ്തു.
യു.എൻ ജനറൽ അസംബ്ലിയുടെ 80 -ാം സെഷന്റെ പൊതുസംവാദത്തെ അഭിസംബോധന ചെയ്യാൻ എത്തിയതായിരുന്നു പെട്രോ. യു.എൻ പ്രസംഗത്തിനിടെ ട്രംപിനെയും ഇസ്രയേലിനേയും പെട്രോ രൂക്ഷമായി വിമർശിച്ചിരുന്നു. പെട്രോ കൊളംബിയയിലേക്ക് മടങ്ങിയ ശേഷമാണ് യു.എസിന്റെ വിസ റദ്ദാക്കൽ പ്രഖ്യാപനമുണ്ടായത്.
തനിക്ക് ഇറ്റാലിയൻ പൗരത്വവുമുണ്ടെന്നും അതിനാൽ വിസ കൂടാതെ യു.എസിലേക്ക് പ്രവേശിക്കാനാകുമെന്നും പെട്രോ പ്രതികരിച്ചു. മുൻ ഗറില്ല നേതാവായ പെട്രോ കൊളംബിയയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ്. 2022ലാണ് അദ്ദേഹം അധികാരത്തിലേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |