കോഴിക്കോട്: ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരത്തിൽ സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിൽ തുടരുന്നു. ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നതും പതിവാണ്. ഇതേതുടർന്ന് അപകടമരണങ്ങളും കൂടുന്നു. കോഴിക്കോട് നഗരപരിസരത്തു മാത്രം രണ്ടാഴ്ചയ്ക്കിടെ അഞ്ച് പേർ മരിച്ചു. ഇതിൽ രണ്ടുപേർ മാദ്ധ്യമ പ്രവർത്തകരാണ്. സീബ്രലെെനും സുരക്ഷിതമല്ല. ഉള്ള്യേരി സ്വദേശി ഗോപാലൻ (72) മരിച്ചത് കഴിഞ്ഞ 25ന് പുതിയ ബസ് സ്റ്റാൻഡിനു മുമ്പിൽ, സീബ്ര ലെെനിൽ വച്ച് ഡോക്ടറെന്ന പേരിൽ വ്യാജ ചികിത്സ നടത്തിയതിന് അറസ്റ്റിലായ ആൾ ഓടിച്ച കാറിടിച്ചാണ്. ഇയാൾ മദ്യപിച്ചെന്നും സംശയമുണ്ടായിരുന്നു. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കൊയിലാണ്ടി സ്വദേശി ഷാഹിദ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. കൊവിഡിന് ശേഷം മദ്യപിച്ചു വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പൊലീസ് പരിശോധന കുറഞ്ഞതായും ആക്ഷേപമുണ്ട്. എം.ഡി.എം,എ പോലുള്ള രാസലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരും വർദ്ധിക്കുകയാണ്. ഇവരെ കണ്ടെത്താനാകുന്നില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രെത്ത് അനലെെസറിന്റെ സഹായത്തോടെ കണ്ടെത്താം. ഇങ്ങനെ കണ്ടെത്തുന്നതിലെ അശാസ്ത്രീയതയും പൊലീസിനെ വലയ്ക്കുന്നുണ്ട്. അരിഷ്ടം, കഴിച്ചവരും ചക്ക തിന്നവരുമൊക്കെ ബ്രെത്ത് അനലെെസർ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയത് വിവാദമായിരുന്നു. കോഴിക്കോട് സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രെെവറുടെ പേരിലെടുത്ത നടപടി പിന്നീട് റദ്ദാക്കേണ്ടിയിരുന്നു. അരിഷ്ടം കഴിച്ചതിനെ തുടർന്നാണ് അനലെെസറിൽ മദ്യപിച്ചെന്ന് കണ്ടെത്തിയത്. സംശയത്തിന്റെ പേരിൽ ആരെയും പൊലീസിന് വൈദ്യ പരിശോധനയ്ക്കു ഹാജരാക്കാനാകില്ല. ലഹരിയുമായി പിടിക്കപ്പെട്ടാലേ സാദ്ധ്യമാകൂ.
ആവശ്യത്തിന് കിറ്റില്ലാതെ എക്സെെസ്
കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ രാസലഹരി ഉപയോഗം അറിയാൻ എക്സെെസിനാകും. എന്നാൽ ഇതിനാവശ്യമായ കിറ്റില്ലാത്തത് വിനയാകുന്നു. ജില്ലയിലെ എക്സെെസ് ഓഫീസുകൾക്കായി വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷം വെറും 75 ആണ്.
സീബ്ര ലെെനിലും വേഗത കുറയ്ക്കാതെ
സീബ്ര ലെെനിലൂടെ റോഡ് മുറിച്ചുകടക്കാനും ഏറെ ബുദ്ധിമുട്ടാണെന്ന് കാൽനടയാത്രക്കാർ പറയുന്നു. സീബ്ര ലെെനിലും വാഹനങ്ങൾ വേഗത കുറയ്ക്കാത്തതാണ് കാരണം. അമിത വേഗതയിൽ വരുന്ന വാഹനങ്ങളെ കെെ കാണിച്ച് തടഞ്ഞുനിറുത്തി വേണം കടക്കാൻ. സ്ഥലത്ത് പൊലീസുണ്ടെങ്കിൽ അവർ സഹായിക്കും. ഇതേ തുടർന്ന് വൃദ്ധരും വിദ്യാർത്ഥികളും സ്ത്രീകളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
2024ൽ കോഴിക്കോട് നഗരത്തിൽ മരണം.... 154
അപകടങ്ങൾ.... 2357
പരിക്ക്.... 2487
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |