കോഴിക്കോട്: സ്റ്റേഷനുകളിലും ട്രാക്കുകളിലും മാലിന്യം തള്ളിയവർക്ക് റെയിൽവേ പിഴയിട്ടത് ഒരു കോടിയിലധികം. കഴിഞ്ഞ ആറു വർഷത്തിനിടെ റെയിൽവേ ട്രാക്കിൽ മാലിന്യം വലിച്ചെറിഞ്ഞതിന് പാലക്കാട് ഡിവിഷൻ പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്ത 53,087 കേസുകളിലായാണ് 1,10,64,700 രൂപ പിഴത്തുകയായി ഈടാക്കിയത്.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമുൾപ്പെടെ മാലിന്യ ബിന്നുകളുണ്ടെങ്കിലും അവ ഉപയോഗിക്കാതെ ട്രാക്കിലും സ്റ്റേഷനിലും മാലിന്യം വലിച്ചെറിയുന്നത് കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും സ്റ്റേഷനുകളിൽ നിന്ന് ട്രെയിൻ എടുക്കുന്നതിന് പിന്നാലെയാണ് ട്രാക്കിലേക്ക് മാലിന്യങ്ങൾ ഇടുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
ഇത്തരക്കാരെ കമ്പാർട്ട്‌മെന്റുകളിലെ പരിശോധന ഉദ്യോഗസ്ഥരോ, അല്ലെങ്കിൽ അടുത്ത സ്റ്റേഷനിലേക്ക് ഇൻഫർമേഷൻ നൽകി ട്രെയിൻ എത്തുമ്പോൾ പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ യാത്ര ചെയ്യുമ്പോഴോ അല്ലാതെയോ പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെ റെയിൽവേ ട്രാക്കിലേക്ക് എറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് റെയിൽവേ തീരുമാനം.
പിഴ 200 മുതൽ
റെയിൽവേ സ്റ്റേഷനിലോ പരിസരങ്ങളിലൊ ട്രാക്കിലോ മാലിന്യം നിക്ഷേപിച്ചാൽ 200 രൂപ മുതലാണ് പിഴ. കൂടാതെ നിയമപരമായ അധികാരമില്ലാതെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ കമ്പാർട്ട്മെന്റുകളിലും പോസ്റ്ററുകൾ പതിക്കുകയോ എഴുതുകയോ ചെയ്താൽ 500 രൂപ മുതലും പിഴ ഈടാക്കുന്നു. അതേസമയം ആളൊഴിഞ്ഞ റെയിൽവേ പരിസരങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം നിക്ഷേപിക്കുന്ന പ്രവണത കൂടി വരുന്നതായും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വർഷം............കേസ്.............ഈടാക്കിയ പിഴ
2020.................. 2600................558100
2021.................. 7499................1600400
2022.................. 11912................2480600
2023.................. 10645................2214700
2024.................. 11620................2398300
2025 (ആഗസ്റ്റ് വരെ)...... 8811 ....... 1812600
കേസ് - 53087
പിഴ - 1,10,64,700
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |