സിനിമാഗാനങ്ങളിൽ നായകനും നായികയും മഴയത്ത് കൈപിടിച്ച് കുട ചൂടി റെയിൽവേ ട്രാക്കിലൂടെയും ട്രെയിനിനരികിലൂടെയും നടന്നുപോകുന്നത് കണ്ടിട്ടുണ്ടോ? എത്ര പ്രണയാർദ്രമാണ് ആ കാഴ്ചകൾ. ആ സീനുകൾ യഥാർത്ഥ ജീവിതത്തിൽ ആവർത്തിക്കാൻ പലരെങ്കിലും ശ്രമിച്ചുകാണാതിരിക്കില്ല. വാസ്തവത്തിൽ ഇത്തരം പ്രവൃത്തികൾ നമ്മുടെ ജീവൻ പോലും അപഹരിക്കുന്നതിന് കാരണമായേക്കാം.
റെയിൽവേ ട്രാക്കിന് സമീപം കുടയും ചൂടി നടക്കുന്നതിലൂടെയുണ്ടാകുന്ന അപകടത്തെക്കുറിച്ച് പലരും ബോധവാൻമാരായിരിക്കില്ല. റെയിൽവേ ട്രാക്കിന് സമീപം നടക്കുമ്പോൾ കുട ചൂടുന്നത് അപകടമാണ്. ട്രാക്കിനരികിലൂടെ നടക്കുമ്പോഴും ട്രാക്ക് മുറിച്ചുകടക്കുമ്പോഴും കുട പോലുളള ലോഹ ചട്ടക്കൂടുളള ഉൽപ്പന്നങ്ങൾ കഴിവതും ഒഴിവാക്കുക. ഇത് ചെയ്തില്ലെങ്കിൽ വൈദ്യുതാഘാതത്തിനുവരെ ഇടയാക്കും. ഇതിനുപിന്നിലെ ശാസ്ത്രം എന്താണെന്ന് പരിശോധിക്കാം.
വൈദ്യുതീകരിച്ച റെയിൽവേ സംവിധാനങ്ങളിൽ, ട്രെയിനുകൾക്ക് ഓവർഹെഡ് വയറുകളിൽ നിന്ന് 25,000 വോൾട്ട് (25 കെവി) വരെ വൈദ്യുതി ലഭിക്കുന്നു. ഈ വയറുകൾ ട്രെയിനിന്റെ എഞ്ചിനിലേക്ക് വൈദ്യുതി കടത്തിവിടുന്നു. തുടർന്ന് പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സംവിധാനത്തിലൂടെ വൈദ്യുതി ഭൂമിയിലേക്ക് കടത്തിവിടുകയാണ്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനുവേണ്ടിയാണിത്. ഈ സമയം, ട്രാക്കിലൂടെയോ അരികിലൂടെയോ നടക്കുന്ന വ്യക്തികളിലേക്കോ അവരിലുളള ലോഹവസ്തുക്കളിലേക്കോ വൈദ്യുതി കടക്കാൻ സാദ്ധ്യതയുണ്ട്.
കുട നേരിട്ട് ഓവർഹെഡ് വയറുകളിൽ സ്പർശിച്ചില്ലെങ്കിൽ പോലും വൈദ്യുതി വയറിൽ നിന്ന് കുടയുടെ ലോഹ ഭാഗത്തേക്ക് വായുവിലൂടെ കടക്കാൻ സാദ്ധ്യതയുണ്ട്. ഈ പ്രക്രിയയെ ആർക്കിംഗ് എന്നറിയപ്പെടുന്നു. കുടകൾ മാത്രമല്ല, ലോഹ ദണ്ഡുകൾ, ലോഹ ചരടുകളുളള ബലൂണുകൾ എന്നിവയുമായി റെയിൽവേ ട്രോക്കിന് സമീപം നടക്കുന്നതും അപകടത്തിന് സാദ്ധ്യത കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |