എഴുകോൺ: നെൽമണികളും ചിരട്ടയും കിട്ടിയാൽ അധികം സമയം വേണ്ട, ശിവപ്രസാദിന്റെ മാന്ത്രികവിരലുകൾക്ക് കരകൗശല ശില്പങ്ങളാക്കാൻ. തളവൂർക്കോണം ശിവനിവാസിൽ വി.ശിവപ്രസാദാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ശില്പി. 35550 നെൽമണികൾ ചേർത്തുണ്ടാക്കിയ അഞ്ചടിയിലധികം നീളമുള്ള ഉടവാളാണ് മാസ്റ്റർ പീസ്. പൂർത്തീകരിക്കാൻ ഒരാഴ്ചയാണ് വേണ്ടിവന്നത്.
പത്ത് വർഷം മുമ്പ് 4550 നെൽമണികൾ കൊണ്ട് തീർത്ത മയിൽ രൂപം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർച്ചയായി പത്ത് മണിക്കൂർ പ്രയത്നിച്ചാണ് ഇത് തീർത്തത്. ചിരട്ടയിൽ തീർത്ത മാജിക് കൂജ കൗതുകമുണർത്തും. വാലോട് കൂടിയ കൂജയിൽ പകുതിയോളം വെള്ളം നിറച്ച് പൂർണമായി കമഴ്ത്തിയാലും വാ വട്ടത്തിലൂടെ വെള്ളം പുറത്ത് പോകില്ല. എന്നാൽ വാലിലൂടെ വെള്ളം പുറത്തേക്കെടുക്കാം.
തൊടുകറികൾ ഒരുമിച്ച് വിളമ്പാനുപയോഗിക്കുന്ന തൂക്കുപാത്രമാണ് ശിവപ്രസാദ് ചിരട്ടയിൽ തീർത്ത മറ്റൊരു സൃഷ്ടി. ഇതിന് പുറമേ ട്രോഫി, കൽവിളക്ക്, തോടുകളിൽ മീൻ പിടിക്കുന്നതിനുള്ള തെറ്റാലി, മണ്ണെണ്ണ വിളക്ക്, റാന്തൽ, പുട്ടുകുറ്റി, പൂക്കൾ, പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുന്ന പല നീളത്തിലും രൂപത്തിലുമുള്ള കത്തികൾ, പാത്രങ്ങൾ, കെട്ടുവള്ളങ്ങൾ അങ്ങനെ നീളുന്നു കരവിരുതുകൾ.
മികച്ച കർഷകൻ കൂടിയാണ് ശിവപ്രസാദ്. വീട്ടുവളപ്പിലെ രണ്ട് ചെറിയ കുളങ്ങളിൽ കരിമീൻ, തിലോപ്പിയ, അസാംവാള, അനാബസ് എന്നിവയെ വളർത്തുന്നുണ്ട്. സാധാരണ കോഴിയും താറാവും കൂടാതെ മുള്ളൻകോഴി, മണിത്താറാവ് എന്നിവയും വീട്ടുമുറ്റത്ത് വിവിധയിനം പച്ചക്കറിത്തോട്ടവുമുണ്ട്. ഒന്നര ഏക്കർ നിലം പാട്ടത്തിനെടുത്ത് നെൽ കൃഷിയും ചെയ്യുന്നുണ്ട്. ബംഗളൂരുവിൽ അദ്ധ്യാപികയായ ശാന്തിനിയാണ് ഭാര്യ.
കലാവിരുതിന് എന്തും വഴങ്ങും
ചിരട്ട, തടി, നെല്ല് എന്നിവയ്ക്ക് പുറമേ ഈർക്കിൽ, തീപ്പെട്ടിക്കൊള്ളി, കുപ്പിച്ചില്ല്, മണൽ തുടങ്ങി എന്തും ശിവപ്രസാദിന്റെ കലാവിരുതിന് വഴങ്ങും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് മുറിയിലെ മേശയുടെ ഒടിഞ്ഞുവീണ കാലിലാണ് ആദ്യ കലാ സൃഷ്ടി നടത്തിയത്. ശിൽപ്പങ്ങളും തെറ്റാലിയും നിർമ്മിച്ചിരുന്ന അച്ഛൻ വാസുദേവൻ പിള്ളയിൽ നിന്നാണ് അഭിരുചി സ്വായത്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |