കൊച്ചി: കളമശേരിയിൽ മേയാൻ വിടുന്ന കന്നുകാലികളെ രാത്രിയുടെ മറവിൽ കടത്തുന്ന സംഘത്തെ കുടുക്കിയത് തിയേറ്ററിലുണ്ടായ കൈയാങ്കളി. രണ്ട് ദിവസം മുമ്പാണ് ആലുവയിലെ സിനിമ തിയേറ്ററിൽ പ്രതികൾ പ്രശ്നമുണ്ടാക്കിയത്. കയ്യാങ്കളിയെ തുടർന്ന് ആലുവ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കളമശേരി ഭാഗത്ത് നിന്ന് രക്ഷപ്പെട്ട കാലിക്കടത്ത് സംഘമാണെന്ന സംശയം ഉയർന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ്രതികളെ കസ്റ്റഡിയിലുള്ള വിവരം കാക്കനാട് പൊലീസിന് കൈമാറുകയായിരുന്നു.
ആലുവ കുന്നത്തേരി ബംഗത്ത് വീട്ടിൽ ജലാലുദ്ദീൻ (37), എടത്തല, ചേനക്കര വീട്ടിൽ ആഷിക് (25) എന്നിവരാണ് പടിയിലായത്. ഇവർ സഞ്ചരിച്ച ബൊലേറോ വാഹനവും പശുവിനെ കടത്തിയ ടെമ്പോയും പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 28ന് രാത്രി 9 മണിയോടെയാണ് കിടാവിനെ മോഷ്ടിച്ചത്. പള്ളിലാംകര എച്ച്.എം.ടി കോളനി ഭാഗത്ത് അബ്ദുൾ സലാമിന്റെ 20,000 രൂപ വില വരുന്ന പശുക്കിടാവിനെയാണ് കടത്തിയത്. പശുവിനെ എന്തുചെയ്തുവെന്ന് കണ്ടെത്താനായിട്ടില്ല. കാലിവളർത്തലും ഇറച്ചിവെട്ടും മറ്റും നടത്തിവരുന്നവരാണ് പ്രതികൾ. കടത്തുന്ന കാലികളെ ഇറച്ചിയാക്കിയോയെന്ന സംശയം പൊലീസിനുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഇതിൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.
കളമശേരിയിൽ തരിശുപാടങ്ങൾക്ക് സമീപം താമസിക്കുന്ന പലരും കന്നുകാലികളെ പാടത്ത് അഴിച്ചുവിട്ടാണ് വളർത്തുന്നത്. കുഞ്ഞുങ്ങളെ വാങ്ങി പാടത്തേയ്ക്ക് ഇറക്കിയാൽ പിന്നെ വലുതാകുമ്പോഴേ തിരികെ കൊണ്ടുപോകൂ. പാടത്തെ പുല്ലും മറ്റും തിന്ന് കഴിയുന്നതിനാൽ ഉടമയ്ക്കും വലിയ ചെലവില്ല. ഇത് തിരിച്ചറിഞ്ഞാണ് സംഘം വാഹനവുമായി എത്തി കന്നുകാലികളെ കടത്തുന്നത്. സംഭവദിവസം പ്രതികൾ പശുക്കിടാവിനെ വാഹനത്തിൽ കയറ്റുന്നത് പരിസരവാസി കണ്ടിരുന്നു. വിവരം പൊലീസിനും കൈമാറി.
പൊലീസ് വരും മുമ്പ് കള്ളന്മാർ കടന്നുകളഞ്ഞു. സി.സി.ടിവി ക്യാമറയില്ലാത്തത് മുതലെടുത്തായിരുന്നു കടത്ത്. നേരത്തെ നിരവധി പോത്തുകളും പശുക്കളും ഇവിടെ നിന്ന് മോഷണം പോയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |