തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മിഷൻ വർദ്ധിപ്പിച്ചുള്ള പുതിയ വേതന പാക്കേജ് ധനവകുപ്പിന്റെ പരിഗണനയ്ക്ക് ഭക്ഷ്യവകുപ്പ് കൈമാറി. കുറഞ്ഞത് 45 ക്വിന്റൽ വില്പനയുള്ള വ്യാപാരിക്ക് മാസ വേതനമായി 22,500 രൂപ നൽകണം. നിലവിൽ 18,000 രൂപയാണ്. 45നുശേഷം വരുന്ന ഓരോ ക്വിന്റലിനും 150 രൂപയിൽ നിന്ന് 200 രൂപയാക്കണം തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയതാണ് പാക്കേജ്. ധനവകുപ്പ് അംഗീകരിച്ചാൽ നടപ്പിൽവരുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
റേഷൻ വ്യാപാരികളുടെ വളരെക്കാലമായുള്ള ആവശ്യങ്ങളെല്ലാം പരിഗണിച്ച് നടപ്പിലാക്കിയത് ഈ സർക്കാരാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്മിഷൻ ലഭിക്കുന്നത് കേരളത്തിലെ വ്യാപാരികൾക്കാണ്. വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് റേഷൻ കടകളുടെ പ്രവർത്തന സമയത്തിലെ ക്രമീകരണം, മാസത്തിലെ ആദ്യ പ്രവൃത്തിദിനത്തിലെ അവധി, മൂന്നു മാസം വിദേശത്തു പോകാനുള്ള അനുമതി തുടങ്ങിയവയൊക്കെ നടപ്പിലാക്കിയത്. 70 വയസു കഴിഞ്ഞും ലൈസൻസിയായി തുടരണമെന്നുള്ള ആവശ്യം അംഗീകരിക്കണമെങ്കിൽ നിയമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |