പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഷൊർണൂരിലെ മൂന്ന് ഡിവൈഎഫ്ഐ നേതാക്കൾ പിടിയിൽ. സുർജിത്, ഹാരിസ്,കിരൺ എന്നിവരാണ് പിടിയിലായത്. ഇവർ ബ്ലോക്ക് നേതാക്കളെന്നാണ് റിപ്പോർട്ട്. ഷൊർണൂരിൽ നിന്ന് ട്രെയിൻമാർഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോഴിക്കോട്ടുനിന്നാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ട്. നേതാക്കളുടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി വിനേഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയ്ക്കുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മാകരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇയാൾ 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ കമന്റിട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ ആക്രമണത്തിന് പിന്നിൽ. ഇന്നലെ രാത്രി വാണിയംകുളത്തുവച്ച് മൂന്നുപേരുംചേർന്ന് വിനേഷിനെ ക്രൂരമായി ആക്രമിച്ചു. അവശനായ വിനേഷിനെ ചിലർചേർന്ന് വീട്ടിൽകൊണ്ടുവിടുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് അവശനിലയിലായിരുന്നു. വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
പാർട്ടി കുടുംബമാണ് വിനേഷിന്റേത്. കമന്റിട്ടതുമാത്രമാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. പിടിയിലായവരെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതവരുമെന്നാണ് കരുതുന്നത്. പിടിയിലായ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടിയോ ഡിവൈഎഫ്ഐയോ ഇതുവരെ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |