കണ്ണൂർ: ന്യൂമാഹി ഇരട്ടക്കൊലപാതകത്തിൽ അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ ചൂണ്ടിക്കാട്ടി അപ്പീൽ നൽകുമെന്ന് ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പറഞ്ഞു. കേസന്വേഷണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മാഹി അതിർത്തിയോട് ചേർന്ന് കേരളത്തിൽ നടന്ന കൊലപാതകം കൃത്യമായ ആസൂത്രണമാണെന്നും ബിജു ആരോപിച്ചു.
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു അന്നത്തെ തലശ്ശേരി എം.എൽ.എയും ആഭ്യന്തരമന്ത്രിയും. കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെ 16 സി.പി.എം പ്രവർത്തകരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 2010 മേയ് 28ന് രാവിലെ 11ന് മാഹി കോടതിയിൽ ഹാജരായി തിരിച്ചുവരുന്നതിനിടയിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത്(28), ഷിനോജ്(29) എന്നിവരെ ന്യൂ മാഹി പെരിങ്ങാടി റോഡിൽ കല്ലായിൽ ബൈക്ക് തടഞ്ഞുനിറുത്തി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി(മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് വിധി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |