ഉപജില്ലാ കായികമേളകളുടെ നടത്തിപ്പ്
പ്രഹസനമായി മാറുന്നതായി ആരോപണം
പലേടത്തും തർക്കവും പ്രശ്നങ്ങളും
തിരുവനന്തപുരം : കായികാദ്ധ്യാപകരുടെ ചട്ടപ്പടി സമരത്തിനിടയിലും ഉപജില്ലാ കായിക മത്സരങ്ങൾ നടത്തിയെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം പ്രഹസനമായി മാറുന്നതായി ആക്ഷേപം. കഴിഞ്ഞദിവസങ്ങളിൽ ആരംഭിച്ച മത്സരങ്ങളെക്കുറിച്ച് സംസ്ഥാന വ്യാപകമായി നിരവധി പരാതികളാണ് ഉയരുന്നത്.
ശമ്പള തുല്യത ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അനുഭാവ പൂർണമായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് കായികാദ്ധ്യാപകർ സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ നടത്തിപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളും പരാജയപ്പെട്ടതോടെയാണ് ഏതുവിധേനെയും മത്സരങ്ങൾ നടത്തിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിനായി സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കായിക അസോസിയേഷനുകളുടെയും സഹായവും തേടിയിരുന്നു.
കായികാദ്ധ്യാപകർ വിട്ടുനിൽക്കുന്നതോടെ ഭരണാനുകൂല അദ്ധ്യാപക സംഘടന മത്സരങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. അദ്ധ്യാപക പാക്കേജിൽ ഉൾപ്പെട്ടവരെ മത്സരങ്ങളുടെ ചുമതലയെറ്റെടുക്കാൻ നിർദ്ദേശിച്ച് സർക്കുലറും ഇറക്കി. എന്നിട്ടും ഭൂരിഭാഗവും കായികാദ്ധ്യാപകർ വിട്ടുനിൽക്കുകയാണ്.
ഇതിനിടയിൽ മത്സരങ്ങൾ നടത്തിയെടുത്തു എന്നു വരുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. പലയിടത്തും മത്സരം നിയന്ത്രിക്കാൻ വിദഗ്ദ്ധരില്ലെന്ന പരാതിയാണ് ഉയരുന്നത്. മത്സരത്തിലെ തീരുമാനങ്ങളെച്ചാെല്ലിയുള്ള തർക്കങ്ങൾ പലേടത്തും കയ്യാങ്കളിയിലേക്ക് എത്തി. കിളിമാനൂരിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം പൊലീസ് കേസുമായി. കളിനിയമങ്ങൾ അറിയാവുന്ന ഒഫീഷ്യൽസിന്റെ അഭാവമാണ് പ്രശ്നമാകുന്നത്. ഗെയിംസ് ഇനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഒരേ ദിവസം തന്നെ പലയിടത്തായി പല മത്സരങ്ങൾ നടക്കുന്നതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഒരേ ഒഫീഷ്യൽസ് തന്നെയാണ് പല വേദികളിലും മത്സരം നിയന്ത്രിക്കാനെത്തുന്നത്. വിവിധ ഉപജില്ലകളിലെ മത്സരങ്ങൾ ഒന്നിച്ച് നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അതിനിടെ അത്‌ലറ്റിക്സ് മത്സരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പതിവിലും നേരത്തെ അവസാനിപ്പിക്കാൻ തീരുമാനിച്ചതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. മത്സാരാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമാണ് ഇതിന്പിന്നിലെന്ന് കായികാദ്ധ്യാപകർ ആരോപിക്കുന്നു. അത്‌ലറ്റിക്സിൽ ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവരെ മാത്രം റവന്യൂ ജില്ലയിൽ മത്സരിപ്പിച്ചാൽ മതിയെന്ന തീരുമാനവും പ്രശ്നമായിട്ടുണ്ട്. നേരത്തെ മൂന്നാം സ്ഥാനക്കാർക്കുവരെ ജില്ലയിൽ മത്സരിക്കാൻ കഴിയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |