ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ രോഗപ്രതിരോധത്തിനടക്കം ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും തുറക്കും. അഫ്ഗാനിസ്ഥാനിൽ ഭൂകമ്പത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനും സഹായിക്കും. ഭക്ഷ്യസഹായവും തുടരും. ആദ്യമായി ഇന്ത്യ സന്ദർശിച്ച അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചർച്ചയിലാണ് ധാരണ. അതേസമയം, താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ മനസു തുറന്നില്ല.
അഫ്ഗാനിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ അംഗീകരിച്ചുകൊണ്ട് കാബൂളിൽ നിലവിൽ സാങ്കേതികമായി തുടരുന്ന ഒാഫീസിനെ ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി ജയശങ്കർ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ആശുപത്രികൾക്കായി 20 ആംബുലൻസുകൾ, എം.ആർ.ഐ, സി.ടി സ്കാൻ മെഷീനുകൾ, വാക്‌സിനുകൾ, ക്യാൻസർ മരുന്നുകൾ എന്നിവയും നൽകും. അഞ്ച് ആംബുലൻസുകൾ അഫ്ഗാൻ മന്ത്രിക്ക് ജയശങ്കർ നേരിട്ട് കൈമാറി.
കാബൂളിലെ ബഗ്രാമി ജില്ലയിൽ 30 കിടക്കകളുള്ള ആശുപത്രി, ഓങ്കോളജി സെന്റർ, ട്രോമ സെന്റർ, മറ്റു ചില പ്രവിശ്യകളിൽ അഞ്ച് മെറ്റേണിറ്റി ഹെൽത്ത് ക്ലിനിക്കുകൾ എന്നിവ ഇന്ത്യ നിർമ്മിച്ചു നൽകും.
വ്യാപാര തടസം നീക്കും
1. വ്യാപാര തടസങ്ങൾ നീക്കാൻ സംയുക്ത വ്യാപാര സമിതി രൂപീകരിക്കാനും ധാരണ. വ്യോമയാന ചരക്കു നീക്കം ശക്തിപ്പെടുത്തും
2. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ കൂടുതൽ ക്രിക്കറ്റ് ടൂർണമെന്റുകൾ കളിക്കും
3. അഫ്ഗാനിലെ ഖനന മേഖലയിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ കമ്പനികൾക്ക് ക്ഷണം
പാകിസ്ഥാന് മുന്നറിയിപ്പ്
കാബൂളിലെ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ ആക്രമണങ്ങളെ അമീർഖാൻ മുത്തഖി അപലപിച്ചു. അതിർത്തി കടന്നുള്ള പാക് നടപടി തെറ്റാണ്. അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്. സംശയമുണ്ടെങ്കിൽ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിക്കണം. അഫ്ഗാനിസ്ഥാനുമായി കളിക്കുന്നത് നല്ലതിനല്ലെന്ന് അവർ പറയും.
ഇന്ത്യാ വിരുദ്ധ
പ്രവർത്തനം അനുവദിക്കില്ല
ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്ഥാൻ പ്രദേശം ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അമീർഖാൻ മുത്തഖി പറഞ്ഞു. എല്ലാത്തരം ഭീകരപ്രവർത്തനങ്ങളെയും എതിർക്കാനും ജയശങ്കറുമായുള്ള ചർച്ചയിൽ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |