കോട്ടയം : ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷയിലെ പുതിയ പരിഷ്‌കാരങ്ങൾ പഠിതാക്കളെ വട്ടംചുറ്റിക്കുന്നു. മുൻപ് 20 ചോദ്യങ്ങളായിരുന്നെങ്കിൽ ഇപ്പോൾ 30 ആക്കി ഉയർത്തി. നേരത്തേ ഉപയോഗിച്ചിരുന്ന പതിവ് ചോദ്യങ്ങൾ ഒഴിവാക്കി പുതിയ സെറ്റ് ചോദ്യങ്ങളാണ് ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാകട്ടെ അല്പം കടുപ്പവുമാണ്. 30 ചോദ്യങ്ങളിൽ 18 ശരിയായാൽ മാത്രമേ ജയിക്കൂ. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ 30 സെക്കൻഡ് മാത്രം. ലേണേഴ്സ് അല്ലേ എങ്ങനെയെങ്കിലും പാസാകും എന്നു വിശ്വസിച്ചെത്തിയാൽ പണി പാളും. ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് 'എം.വി.ഡി ലീഡ്സ്'എന്ന ആപ്പിൽ മോക്ക് ടെസ്റ്റുകളും പഠനസഹായികളും ലഭ്യമാണ്.
ക്യാപ്ച തെറ്റിയാൽ ആദ്യം മുതൽ എഴുതണം
പരീക്ഷയെഴുതാനായി കൂടുതൽ സമയമെടുക്കുന്നതും ആർ.ടി ഓഫീസുകളിലെ സൗകര്യക്കുറവും നീണ്ട ക്യൂവിന് കാരണമാകുന്നു. അടിസ്ഥാന സൗകര്യമൊരുക്കാതെയുള്ള പരിഷ്കാരങ്ങളാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഓരോ മൂന്നു ചോദ്യം കഴിയുമ്പോഴും ക്യാപ്ച ടൈപ്പ് ചെയ്യണം. ഇതു തെറ്റിയാൽ പരീക്ഷ ആദ്യം മുതൽ വീണ്ടുമെഴുതേണ്ടിവരും. പരീക്ഷയുടെ സുതാര്യത ഉറപ്പിക്കാനാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും സമയനഷ്ടമുണ്ടാകുന്നു. ആർ.ടി ഓഫീസുകളിൽ കമ്പ്യൂട്ടറുകൾ ആവശ്യത്തിന് ഇല്ലാത്തതും പ്രതിസന്ധിയാണ്.
90 % പരാജയപ്പെടുന്നു
പരിഷ്‌ക്കരിച്ച ടെസ്റ്റിൽ 90 ശതമാനവും പരാജയപ്പെടുന്നു
പഠിച്ച് എത്തിയാലും പരീക്ഷയിൽ പരിശീലനമില്ലാത്തത് കുഴയ്ക്കുന്നു
ഇടവേളകളിൽ ക്യാപ്ച പൂരിപ്പിക്കുന്നതിലെ അപ്രായോഗികത
വീണ്ടും ലേണേഴ്സിന് അപേക്ഷിച്ച് അവസരം ലഭിക്കാൻ കാലത്താമസം
'' തൽസ്ഥിതി തുടർന്നാൽ ലൈസൻസിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. പൂർണ തയ്യാറെടുപ്പോടെ പരീക്ഷയ്ക്കെത്തിയാലും ലേണേഴ്സ് പാസാകാനാകാത്ത സ്ഥിതിയാണ്.
-ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |