കാളികാവ്:വന വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ പ്രതീക്ഷയോടെ മലയോര കർഷകർ. വന്യജീവി ആക്രമണം മൂലം ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന മലയോര കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ് ഭേദഗതി.
വന്യ ജീവി ആക്രമണം കാരണം കൃഷി ഉപേക്ഷിച്ച കർഷകർ മലയോര മേഖലയിൽ അനവധിയാണ്.ഇതിനിടയിലാണ് സർക്കാരിന്റെ പുതിയ ഭേദഗതി ബില്ല് നിയമ സഭ പാസ്സാക്കിയത്. കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്.
നെല്ലും കിഴങ്ങു വർഗ്ഗ കൃഷികളുമാണ് പാടെ നിറുത്തിയത്.വൻതോതിൽ കൃഷി നാശം വരുത്തുന്ന പന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഏറ്റവും പ്രധാനം.
പന്നിയെ ക്ഷുദ്ര ജീവി ഗണത്തിൽ പെടുത്തിയാൽ ആർക്കും കൊല്ലാനും ഇറച്ചിയെടുക്കാനും അനുമതി ലഭിക്കും.വന്യമൃഗ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയായത് കേരളമാണ്.കഴിഞ്ഞ പത്തു വർഷത്തിനിടെ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടന് 300ഓളം പേർ.കാട്ടാനമാത്രം 200 പേരെ കൊന്നു. കടുവ, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിലും ആളുകൾ കൊല്ലപ്പെട്ടു. പരിക്കേറ്റവർ 1400 പേർ.മനുഷ്യ ജീവനു ഭീഷണിയുള്ള മൃഗങ്ങളെ കൊല്ലാൻ നേരത്തെ നിയമമുണ്ടെങ്കിലും സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് തടസ്സമായിരുന്നത്.
1972ലെ വന്യ ജീവി സംരക്ഷണ നിയമമാണ് ഇപ്പോഴും തുടർന്നു പോരുന്നത്.അതിനിടെ ശല്ല്യക്കാരായ പന്നികളെ കൊല്ലുന്നതിന് അനുമതി നൽകാൻ തദ്ദേശ സ്ഥാപനത്തിന് അധികാരം നൽകി.ഇതു പ്രകാരം സംസ്ഥാനത്ത് 5,200 പന്നികളെ കൊന്നതായാണ് കണക്ക്. മലപ്പുറം ജില്ലയിൽ 990 എണ്ണം പന്നികളെയും കൊന്നു.ഇതിനായി സംസ്ഥാനത്ത് ആയിരത്തോളം എംപാനൽ ഷൂട്ടർമാരെ നിയോഗിച്ചു.വന്യമൃഗ ശല്യം കാരണം കൃഷി മാത്രമല്ല കൃഷി ഭൂമി ഉപേക്ഷിച്ച് പോന്നവരുമുണ്ട്.
എല്ലാം തരണം ചെയ്ത് വല്ല കൃഷിയും ചെയ്യണമെങ്കിൽ തന്നെ ചെലവ് ഇരട്ടിയാണ്.വൈദ്യുത വേലിയില്ലാതെ മലയോരത്ത് ഒരു കൃഷിയും ഇപ്പോൾ നടത്താൻ കഴിയില്ല. കടുത്ത വന്യമൃഗ ഭീഷണി നേരിടുന്ന മേഖലയിൽ നിലവിലുള്ള 200 ലധികം തോക്ക് ലൈസൻസ് പുതുക്കുന്നതിനാകട്ടെ വനം വകുപ്പ് ഉടക്ക് നിൽക്കുകയാണെന്ന് കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |