പെരുമ്പാവൂർ: നെൽകെജി കുട്ടികൾക്ക് സമ്മാനിച്ചത് അനുഭവത്തിന്റെ ജീവിതപാഠമാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. പെരുമ്പാവൂർ ഉപജില്ലയിലെ സ്കൂളുകളിൽ എം.എൽ.എ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നെൽകെജി നെൽക്കതിർ പദ്ധതിയിലെ കുട്ടി കർഷക സംഗമവും വിളവെടുപ്പ് മഹോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കേരളം മുഴുവനും പദ്ധതി വ്യാപിപ്പിക്കുവാൻ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വേങ്ങൂർ മാർകൗമ സ്കൂളിൽ നടന്ന യോഗത്തിൽ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. പെരുമ്പാവൂരിലെ 80 ഓളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം കുട്ടികൾ വിളവെടുപ്പുത്സവത്തിൽ പങ്കെടുത്തു. മുന്നൂറോളം കുട്ടികൾ കർഷക വേഷം അണിഞ്ഞാണ് എത്തിയത്.
വേഗത്തിലും താളത്തിലും മന്ത്രി പി പ്രസാദ് കറ്റകൾ കൊയ്തെടുത്ത് കാണികളുടെ ഹൃദയം കവർന്നു. നെൽകെജി പദ്ധതിയുടെ തുടർച്ചയായി ഇടവിള കൃഷിയായി സ്കൂൾ ചീനി കൃഷിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നെൽകെജി മുഖ്യ സംഘാടകൻ എൻ.പി ആന്റണി പവിഴം, പത്മശ്രീ ജേതാവ് എം.കെ.കുഞ്ഞോൽ, ജില്ലാ കർഷക അവാർഡ് ജേതാവ് ജോസഫ് കളമ്പാടൻ, വേങ്ങൂർ പഞ്ചായത്തിലെ മുതിർന്ന കർഷകൻ കൊല്ലേലിൽ സണ്ണി, നെൽകെജി പേര് നൽകിയ നാരായണൻ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |