എരുമേലി : മണ്ഡല - മകരവിളക്ക് കാലത്ത് അപകടങ്ങൾ തുടർക്കഥയായ ശബരിമല പാതകളിലെ ഗതാഗത പ്രശ്നങ്ങൾ ഇത്തവണയും പൊലീസിനും മോട്ടോർവാഹന വകുപ്പിനും കീറാമുട്ടിയാകും. ജാഗ്രതാ നിർദേശങ്ങൾക്കും നടപടികൾക്കും അപ്പുറം അപകടമേഖലകളിൽ ശാശ്വത പരിഹാരം കാണാൻ ഇത്തവണയുമായിട്ടില്ല. കണ്ണിമല ‘എസ് ’ വളവിലും, എരുത്വാപ്പുഴ ഇറക്കത്തിലും, കണമല അട്ടിവളവിലും, കരിങ്കല്ലുമ്മൂഴി ഇറക്കത്തിലും കഴിഞ്ഞ സീസണിലും അപകട മരണങ്ങൾ ഉണ്ടായി. കണ്ണിമല എസ് വളവിന്റെ ഭാഗത്ത് താത്കാലികമായി കരിങ്കല്ലുകൾ നിരത്തി സംരക്ഷണ ഭിത്തിയും ക്രാഷ്ബാരിയർ സ്ഥാപിക്കലും മാത്രമാണ് നടക്കാറുള്ളത്. വളവ് നിവർക്കാനോ സമാന്തര റോഡ് നിർമ്മിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കരിങ്കല്ലുമ്മൂഴി വളവിലും സമാനസ്ഥിതിയാണ്. ഇവിടെ സമാന്തര റോഡിനു സ്ഥലം വിട്ടുനൽകാൻ പലരും മുന്നോട്ടുവന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് താത്പര്യം കാട്ടിയിട്ടില്ല. സീസൺ തുടങ്ങുന്നതിനു ആഴ്ചകൾക്ക് മുൻപ് മാത്രമാണ് റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് ചർച്ചകളും അവലേകന യോഗവും പോലും ചേരുക.
റിപ്പോർട്ട് പരണത്ത്, ഭീതിയൊഴിയാതെ
റോഡിന്റെ അപാകതകൾ പരിഹരിക്കുന്നതിനു നാറ്റ്പാക്കിന്റെയും പൊലീസ്, മോട്ടോർ വാഹന വകുപ്പിന്റെയും റിപ്പോർട്ടുകൾ പരണത്താണ്. സമാന്തരപാതയായി എരുത്വാപ്പുഴ - കീരിത്തോട് - കണമല റോഡ് നിർമ്മിച്ചെങ്കിലും കുത്തിറക്കം അപകടസാദ്ധ്യത കൂട്ടുമെന്നാണ് റിപ്പോർട്ട്. അശാസ്ത്രീയ നിർമ്മാണം മൂലം ഇതുവഴി തീർത്ഥാടന വാഹനങ്ങൾ കടത്തിവിടുന്നില്ല. 2019 ലെ പ്രളയത്തിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ഇതോടെ റോഡ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. എരുത്വാപ്പുഴ ഇറക്കവും കണമല അട്ടിവളവും ഒഴിവാക്കുന്നതിന് മുക്കൂട്ടുതറയിൽ നിന്ന് ഇടകടത്തി ഉമിക്കുപ്പവഴി വാഹനങ്ങൾ തിരിച്ചുവിടാനും നിർദ്ദേശിച്ചെങ്കിലും ഉമിക്കുപ്പ സ്കൂളിനു സമീപത്തെ കൊടുംവളവുകൾ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നടന്നില്ല.
''എരുത്വാപ്പുഴ ഇറക്കത്തിലും കണമല അട്ടിവളവിലും അപകടങ്ങൾ ഉണ്ടാകാതെ ഒരു സീസണും കടന്നു പോയിട്ടില്ല. അവലോകനയോഗങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പ്രഹസനമാകുകയാണ്. തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാൻ സർക്കാർ സംവിധാനങ്ങൾ ഇത്തവണയെങ്കിലും കൂടുതൽ ഉണർന്ന് പ്രവർത്തിക്കണം.
-രാഗേഷ്, കണമല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |