കൊച്ചി: 14 സ്വർണ മെഡലുകൾ കൂടി വാരിക്കൂട്ടി കായികമേളയുടെ രണ്ടാം ദിനവും കുതിച്ചോടി കോതമംഗലം. 169 പോയിന്റുമായി പട്ടികയിൽ കിഴക്കൻ ഉപജില്ലയാണ് മുന്നിൽ. 24 സ്വർണം, 14 വെള്ളി, 6 വെങ്കലം എന്നിങ്ങനെയാണ് മെഡൽനില.
കിരീടപ്പോരിൽ രണ്ടാമത് അങ്കമാലിയാണ്. 11 സ്വർണം, ആറ് വെള്ളി, ഒൻപത് വെങ്കലം അടക്കം 102 പോയിന്റ്. വെറും 44 പോയിന്റുള്ള വൈപ്പിനാണ് മൂന്നാമത്. മൂന്ന് സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് വൈപ്പിന്റെ സമ്പാദ്യം.
ആദ്യദിനം മൂന്നാംസ്ഥാനം പിടിച്ചെടുത്ത പെരുമ്പാവൂരും എറണാകുളവും അഞ്ചും ആറും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറാമതായിരുന്ന ആലുവ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
സ്‌കൂൾ ചാമ്പ്യൻപട്ടം
സ്‌കൂളുകളുടെ ചാമ്പ്യൻപട്ടത്തിനായുള്ള പോരിൽ മാർ ബേസിൽ എച്ച്.എസ്.എസ്. ബഹുദൂരം മുന്നിലെത്തി. 18 സ്വർണം, 10 വെള്ളി, അഞ്ച് വെങ്കലവും അടക്കം 125 പോയിന്റ്. തൊട്ടുപിന്നിലുള്ള കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന് വെറും 39 പോയിന്റ് മാത്രമേയുള്ളൂ. മേളയുടെ രണ്ടാം ദിനം വെറും 16 പോയിന്റ് മാത്രമേ കീരമ്പാറയ്ക്ക് നേടാനായുള്ളൂ. ആറ് സ്വർണവും മൂന്ന് വെള്ളിയുമാണ് അക്കൗണ്ടിൽ. ഈ സ്‌കൂളുകളുടെ ചിറകിലേറിയാണ് കോതമംഗലം ഉപജില്ലയുടെ കുതിപ്പ്. സ്‌കൂളുകളിൽ മൂന്നാം സ്ഥാനം മൂക്കന്നൂർ എസ്.എച്ച്. ഓർഫനേജ് എച്ച്.എസിനാണ്. രണ്ട് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം അടക്കം 27 പോയിന്റ്.
ഇരട്ട ട്രിപ്പിൾ നേട്ടം
മേളയുടെ രണ്ടാം ദിനം രണ്ട് ട്രിപ്പിൾ നേട്ടങ്ങൾ പിറന്നു. ജൂനിയർ വിഭാഗത്തിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെ അദബിയ ഫർഹാനും കോതമംഗലം മാർ ബേസിലിന്റെ ഡാനിയേൽ ഷാജിയും ട്രിപ്പിൾ പൂർത്തിയാക്കി.
അദബിയയുടെ നേട്ടം ലോങ്ജംപ്, ട്രിപ്പിൾജംപ്, 100 മീറ്റർ ഇനങ്ങളിലാണ്. ഡാനിയേലിന്റെ സുവർണ നേട്ടം 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ ഓട്ട ഇനങ്ങളിലാണ്. ട്രാക്ക് ഇനങ്ങളുടെ പോര് അവസാനിക്കുന്ന മൂന്നാം ദിനമായ ഇന്ന് 200 മീറ്റർ ഓട്ടമത്സരം അടക്കം 24 ഇനങ്ങളിൽ ഫൈനൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |