മുലയൂട്ടി, കാട്ടാറുകൾ. കൂട്ടിന് പക്ഷികൾ, മൃഗങ്ങൾ... അന്നന്നത്തെ അന്നത്തിനായുള്ള ജീവിതം. അങ്ങനെയാണ് അന്നുമിന്നും. മേലെ ആകാശം. താഴെ ഭൂമി. വികസനങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ, കാടിന്റെ മക്കളെന്ന് വിളിച്ച് സുഖിപ്പിക്കുമ്പോൾ, ഇവരുടെ പാർപ്പിടങ്ങളും ജീവിതസാഹചര്യങ്ങളും എത്രമാത്രം ദയനീയമാണ്. വികസനത്തിന്റെയും ജലസേചന പദ്ധതികളുടെയും മറ്റും പേരിൽ കുടിയിറക്കപ്പെട്ടവർ. വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവർ. കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ വാഴച്ചാലിനടുത്തുളള പൊകലപ്പാറ ഉന്നതിയിലെ പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിലൊന്നായ കാടർ വിഭാഗങ്ങളുടെ ജീവിതമാണിത്. ഇന്നലെ വാൽപ്പാറയിൽ ഒരു കുഞ്ഞും മുത്തശ്ശിയും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത കേട്ടതിന്റെ നെഞ്ചിടിപ്പിലാണിവർ. ഫണ്ട് ലഭിച്ചില്ലെന്ന് കേട്ട് കേട്ട് മടുത്തു. ഭീതി നിറഞ്ഞ ആ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ പരമ്പര.
തൃശൂർ: ' രാത്രി പുലിയുടെ മുരൾച്ച കേൾക്കാറുണ്ട്... അപ്പോ ഞാനെന്റെ മക്കളെ ചേർത്തുപിടിക്കും, ഈ കമ്പി ചാരിവച്ചത് ഒരു ധൈര്യത്തിനാണ്, പുലി വന്ന് ഒന്നു തള്ളിയാൽ തീർന്നു...' അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് പൊകലപ്പാറ ഉന്നതിയിൽ ചോർന്നൊലിക്കുന്ന വീടിന്റെ പൊളിയാറായ അടുക്കളവാതിലിൽ ചാരിവച്ച കമ്പിയിലേക്ക് വിരൽചൂണ്ടി സബീന പറഞ്ഞു. ഈ വീട്ടിലെങ്ങനെ കഴിയുന്നു എന്ന് ചോദിക്കുന്നവരോട് മറുപടി പറയുമ്പോൾ സബീനയുടെ കണ്ണ് നനയും. പന്ത്രണ്ട് വർഷം മുൻപാണ് വാർക്ക വീട് സർക്കാർ പണിത് നൽകിയത്. വാതിലുകളെല്ലാം ജീർണിച്ചു. പലയിടത്തും കുഴി. അതിലൊരു കുഴിയിലാണ് ഇരുമ്പുകമ്പി താങ്ങായി കുത്തിനിറുത്തിയത്. ജനലിന് വാതിലില്ല, പകരം പഴകിയ സാരിത്തുണി വലിച്ചു കെട്ടി. സബീന ആശാവർക്കറാണ്. ഭർത്താവ് പ്രമോദ് കാട്ടിൽ നിന്ന് വനവിഭവം ശേഖരിക്കാൻ പോകും. മൂത്തമകൾ ദേവിക അഞ്ചാം ക്‌ളാസിൽ. മകൻ ദേവിക് അംഗൻവാടിയിൽ. പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട് പുതുക്കിപ്പണിയാമെന്ന് പറഞ്ഞ ഉറപ്പിലാണ് ഏകപ്രതീക്ഷ.
പുലി ഒന്നും രണ്ടുമല്ല
ജൂൺ എട്ടിന് പുലി കൊന്നുതിന്ന പശുക്കുട്ടിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യാനെത്തിയ അധികൃതർ കണ്ടത് രണ്ടു പുലികളെ. അതിരപ്പിള്ളി പ്ലാന്റേഷൻ ചെക്ക് പോസ്റ്റിന് സമീപം ബ്ലോക്ക് 17ൽ എണ്ണപ്പനത്തോട്ടത്തിലായിരുന്നു പുലികളെ കണ്ടത്. തുമ്പൂർമുഴി മുതൽ കണ്ണൻകുഴി വരെയുള്ള ജനവാസമേഖലയിലും പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിലും വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നത് പതിവാണ്. വയോജനങ്ങളും സ്ത്രീകളും കുട്ടികളുമുള്ള ജനവാസമേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുമ്പോൾ അടച്ചുറപ്പില്ലാത്ത വീടുകളാണ് ഭൂരിഭാഗം ഉന്നതിയിലേതും. കാട്ടാനകളും കാട്ടുപന്നികളും വരുത്തിവെയ്ക്കുന്ന ദുരിതം വേറെ. കൃഷിയും വീടും നശിപ്പിക്കും.
@2011 ലെ സെൻസസ്
കാടരുടെ ജനസംഖ്യ: 2949
പുരുഷന്മാർ: 1454
സ്ത്രീകൾ:1495
2013ൽ പട്ടികവർഗ വികസന വകുപ്പിന്റെ സാമൂഹിക സാമ്പത്തിക സർവേയിൽ:
ജനസംഖ്യ: 1974
കുടുംബങ്ങൾ: 545
സ്ത്രീകൾ: 967
പുരുഷന്മാർ: 1007
(വിവരങ്ങൾ: കിർത്താഡ്‌സ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |