തൃശൂർ: വയനാടിന്റെ സ്വന്തം മുള ഉൽപ്പന്നങ്ങൾക്ക് ദേശാന്തരങ്ങൾക്കപ്പുറമുളള ഡിമാൻഡ് ലഭിക്കുന്നതിന്റെ ആവേശത്തിലാണിവർ. മുള കൊണ്ടുള്ള വീട്ടുപകരണങ്ങൾ, മുളയിൽ തീർത്ത ശിൽപ്പങ്ങൾ, ആഭരണങ്ങൾ, പേനകൾ, പെയിന്റിംഗുകൾ, സ്പീക്കറുകൾ... അങ്ങനെ പലതരം ഉൽപ്പന്നങ്ങളാണ് വയനാടൻ മുളയിൽ പിറന്നത്. മേപ്പാടിയിലെ സ്മിത, ഷൈലജ, പിണങ്ങോട് സ്വദേശി ഷീജ, ചൂരൽമലയിലെ സബിത, പനമരം സ്വദേശി ഷീന തുടങ്ങിയവർ ലുലു കൺവെൻഷൻ സെന്ററിൽ വനിതാ സംരംഭകത്വ കോൺക്ലേവിൽ ബാംബു ക്രാഫ്റ്റ് എക്‌സിബിഷൻ ഒരുക്കിയപ്പോൾ പ്രദർശനവസ്തുക്കളും അവരുടെ സംരംഭകത്വവും ഒരു പോലെ ശ്രദ്ധേയമായി.
''നമ്മുടെ നാടിന്റെ തനതായ ഉൽപ്പന്നങ്ങളിൽ അന്യദേശത്തുള്ളവർക്ക് ഏറെ താൽപ്പര്യമുണ്ട്. വിലയൊട്ടും പേശാതെ വലിയ ഓർഡറുകൾ നൽകുന്നതും കാണുമ്പോൾ ഒരുപാട് സന്തോഷം. ഒരു നാടിന്റെ പ്രകൃതിദത്തമായ ഉൽപന്നങ്ങൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' അവർ പറയുന്നു.
പ്രളയവും കൊവിഡും പ്രതിസന്ധി തീർത്ത ഇവരുടെ യൂണിറ്റുകളെ സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ ജില്ലാ മിഷൻ, ബാംബു മിഷൻ, ജില്ലാ വ്യവസായ കേന്ദ്രം എന്നീ വകുപ്പുകളുടെ പിന്തുണ സഹായിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബാംബു ഫെസ്റ്റിലും സരസ് മേളകളിലും പങ്കെടുക്കാൻ ഈ വനിതകളെ സഹായിച്ചതും വകുപ്പുകളുടെ ഏകോപനമായിരുന്നു.
സരസ് മേളകളിൽ പങ്കെടുക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വലിയ തോതിലുള്ള ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
മുളയ്ക്ക് കരുത്തേറെ
ഗുണമേന്മ കൂടിയ മുള ഉൽപ്പന്നങ്ങൾ ദീർഘകാലം ഈടുനിൽക്കും. ഇതാണ് സംരംഭത്തെ സജീവമായി നിലനിറുത്താൻ സഹായിക്കുന്ന പ്രധാനഘടകം. കുടുംബശ്രീയിൽനിന്നും യൂണിറ്റുകൾ എടുത്ത വായ്പയെല്ലാം കൃത്യമായി തിരിച്ചടയ്ക്കാനും സ്വന്തമായൊരു സംരംഭത്തെ നാടാകെ നടന്ന് പരിചയപ്പെടുത്താനും കഴിഞ്ഞതിന്റെ ആത്മാഭിമാനമാണുള്ളതെന്ന് ഇവർ പറയുന്നു. വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി നടത്തിയ ഏകദിന കോൺക്ലേവിൽ നിരവധി ആളുകളാണ് വയനാടിന്റെ ബാംബു ക്രാഫ്റ്റ് എക്‌സിബിഷൻ സന്ദർശിച്ചത്.
വയനാട് സ്വദേശികളായ സ്മിത, ഷൈലജ, ഷീജ, സബിത, ഷീന എന്നിവർ വനിതാ സംരംഭകത്വ കോൺക്ലേവിൽ ഒരുക്കിയ ബാംബു ക്രാഫ്റ്റ് സ്റ്റാൾ
ഏകജാലക സംവിധാനം ശ്രദ്ധേയം
തൃശൂർ: വിവിധ ജില്ലകളിൽ നിന്നായി 1200ഓളം വനിതാ സംരംഭകർ പങ്കെടുത്ത കേരള വുമൺ എന്റർപ്രണേഴ്‌സ് കോൺക്ലേവിൽ, ഒരു സംരംഭം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഒരിടത്ത് ലഭിക്കുന്ന ഏകജാലക സംവിധാനം ശ്രദ്ധേയമായി. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഉദ്യം, കെ സ്വിഫ്റ്റ്, ജി.എസ്.ടി തുടങ്ങിയ സർക്കാർ ഹെൽപ്പ് ഡെസ്‌കുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനവുമുണ്ടായിരുന്നു. 'സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദനത്തിൽ വനിതകളുടെ പ്രാധാന്യം' എന്ന വിഷയത്തിലും, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വനിതാ സംരംഭകർക്ക് നൽകുന്ന പിന്തുണ പദ്ധതികളെക്കുറിച്ചും പ്രത്യേക പാനൽ ചർച്ചകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |